തിരുവനന്തപുരം: പോങ്ങുമൂടാണ് സംഭവം. പൊങ്ങുമ്മൂട് രതീഷ് -സിന്ധു ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ വൈഗയാണ് ഗുരുതരാവസ്ഥയില്‍ എസ്‌ഐടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രാത്രിയില്‍ കുട്ടിയുടെ കണ്ണില്‍ കുഴപ്പം കാണുകയും ഭക്ഷണം കൊടുത്തപ്പോള്‍ ശര്‍ദ്ദിക്കുകയുമായിരുന്നു. പിന്നാലെ അങ്കണവാടിയിലെ ടീച്ചറിനെ വിളിച്ച് എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ കുട്ടി വീണ കാര്യം പറയാന്‍ മറന്നു പോയതെന്നാണ് പറഞ്ഞത്. കസേരയില്‍ നിന്ന് പിന്നോട്ട് മറഞ്ഞുവീഴുകയായിരുന്നു എന്നാണ് ടീച്ചര്‍ പറഞ്ഞത്. ഉച്ചയ്ക്ക് നടന്ന സംഭവം രാത്രിയാണ് വീട്ടുകാര്‍ അറിയുന്നത്.
കുട്ടിയുടെ തലയോട്ടി പൊട്ടിയിട്ടുണ്ട്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. തോളെല്ലും പൊട്ടിയിട്ടുണ്ട്. സ്‌പൈനല്‍കോഡിനും ക്ഷതം ഏറ്റിട്ടുണ്ട്. സംഭവം അവര്‍ക്ക് നേരത്തെ പറയാമായിരുന്നില്ലേയെന്ന് കുട്ടിയുടെ പിതാവ് ചോദിക്കുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. അതേസമയം കുട്ടി ജനലിനു മുകളില്‍ നിന്നാണ് വീണതെന്നാണ് മറ്റു കുട്ടികള്‍ പറയുന്നത്.