ബോളിവുഡ് താരം വിദ്യ ബാലന്‍ മലയാള സിനിമാ ഡയലോഗില്‍ ചെയ്ത റീല്‍ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

തൊണ്ണൂറുകളിലെ ഹിറ്റ് ചിത്രം ‘മൂക്കില്ലാ രാജ്യത്ത്’ എന്ന സിനിമയിലെ പ്രശസ്തമായ ഡയലോഗ് ആണ് വിദ്യ അഭിനയിച്ച് റീല്‍ ആയി ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്.
കഴിഞ്ഞ രണ്ട് ആഴ്ചകളായി മലയാള സിനിമ നിരന്തരമായി കാണുകയാണെന്നാണ് വീഡിയോയുടെ തലക്കെട്ട്.
വിദ്യയുടെ റീലിനു താഴെയുള്ള കമന്റ് ബോക്സില്‍ മലയാളികളുടെ മേളമാണ്. തങ്ങളുടെ ഇഷ്ടതാരം മലയാള സിനിമയിലെ ഡയലോഗിന് അഭിനയിച്ചപ്പോള്‍ ‘ജോസഫേ, കുട്ടിക്ക് മലയാളം അറിയാം’ എന്ന് കമന്റിലൂടെ മലയാളികള്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി കണ്ട സിനിമയില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന ചോദ്യവും കമന്റുകള്‍ക്കിടയില്‍ ഉയര്‍ന്നു. കപ്പേള, കുമ്പളങ്ങി നൈറ്റ്‌സ്, ജോജി എന്നീ മൂന്ന് സിനിമകളാണ് വിദ്യ ബാലന്‍ മറുപടിയായി നല്‍കിയത്.

കേരളത്തില്‍ വേരുകളുള്ള വിദ്യ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. പാലക്കാടന്‍ തമിഴാണ് തന്റെ മാതൃഭാഷയെന്ന് വിദ്യ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ബോളിവുഡില്‍ എത്തുന്നതിനു മുന്‍പ് വിദ്യ ആദ്യമായി അഭിനയിച്ചത് ‘ചക്രം’ എന്ന മലയാള സിനിമയിലായിരുന്നു. മോഹന്‍ലാലിനൊപ്പം ആയിരുന്നു വിദ്യയുടെ അരങ്ങേറ്റം. എന്നാല്‍ ഈ സിനിമ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഭൂല്‍ ഭുലയ്യയുടെ മൂന്നാം ഭാഗമാണ് വിദ്യയുടെ ഏറ്റവും പുതിയ ചിത്രം. മണിച്ചിത്രത്താഴിന്‍റെ ഹിന്ദി പതിപ്പിലെ മൂന്നാം ഭാഗമാണിത്. വരുന്ന ദീപാവലിയിലാണ് റിലീസ്.