കാസർഗോഡ് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ് ഐക്ക് സസ്പെൻഷൻ. ജില്ലാ പോലീസ് മേധാവി ഡി ശില്പയുടേതാണ് നടപടി.
പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പി അനൂപിനെ സസ്പെൻഡ് ചെയ്തത്.
പൊലീസ് കസ്റ്റഡിയിൽ എടുത്ത ഓട്ടോറിക്ഷ വിട്ടു കൊടുക്കാൻ കാലതാമസം വരുത്തിയതിൽ വിഷമിച്ചാണ് ഓട്ടോറിക്ഷാ ഡ്രൈവർ ആത്മഹത്യ ചെയ്തത്. അഡീഷണൽ പൊലീസ് സൂപ്രണ്ട് പി ബാലകൃഷ്ണൻ നായർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി സ്വീകരിച്ചത്.എസ് ഐ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ എടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്തായിരുന്നു ഹൃദ്രോഗികൂടിയായ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താര്‍ ജീവനൊടുക്കിയത്. പൊലീസില്‍ നിന്ന് നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ശേഷമായിരുന്നു അബ്ദുള്‍ സത്താര്‍ ജീവനൊടുക്കിയത്. പലതവണ സ്റ്റേഷനില്‍ കയറിയിടങ്ങിയിട്ടും മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും തന്റെ വണ്ടി വിട്ടുനല്‍കാന്‍ തയ്യാറായില്ലെന്ന് അബ്ദുള്‍ സത്താര്‍ ആരോപിച്ചിരുന്നു, സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉത്തംദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. എസ് ഐ അനൂപിനേയും ഓട്ടോറിക്ഷ തടഞ്ഞ ഹോം ഗാര്‍ഡിനേയും അന്ന് തന്നെ സ്ഥലം മാറ്റിയിരുന്നു.