മാമുക്കോയ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. തനതായ അഭിനയ രീതിയിലൂടെയും ഭാഷാ ശൈലിയിലൂടെയും ശ്രദ്ധിക്കപ്പെട്ട മഹാനടനായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട മാമുക്കോയ.
ഹാസ്യകഥാപാത്രങ്ങളിലൂടെ ഏറെ ചിരിപ്പിച്ച്, മലയാളികളുടെ മനസ്സില്‍ ഇടംനേടിയ കോഴിക്കോട്ടുകാരന്‍. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ച് പ്രതിഭ തെളിയിച്ചിരുന്ന കലാകാരന്‍. തന്നെ സിനിമയിലേക്ക് ശുപാര്‍ശ ചെയ്തത് വൈക്കം മുഹമ്മദ് ബഷീറായിരുന്നെന്ന് വളരെ തന്മയത്വത്തോടെ അദ്ദേഹം പറയുമായിരുന്നു. ചെറിയൊരു വേഷം ചെയ്യാനെത്തിയ അദ്ദേഹത്തിന്റെ അഭിനയത്തില്‍ ആകൃഷ്ടരായ നിര്‍മാതാക്കള്‍ അദ്ദേഹത്തിന് പിന്നീട് കൂടുതല്‍ വേഷങ്ങള്‍ നല്‍കി. പിന്നെ നടന്നത് ചരിത്രം.
നാടോടിക്കാറ്റിലെ ഗഫൂര്‍ക്കയെയും സന്ദേശത്തിലെ കെ ജി പൊതുവാളിനേയും ചന്ദ്രലേഖയിലെ പലിശക്കാരന്‍ മാമായേയും, ഹിസ് ഹൈനസ് അബ്ദുള്ളയിലെ ‘മാണ്ട’ എന്ന് പറയുന്ന നമ്പൂതിരി വേഷം കെട്ടിവരുന്ന ജമാലിനേയും ആരും മറക്കില്ല. സിനിമയിലെ അഭിനയിത്തിനപ്പുറം ജീവിതത്തില്‍ ഒരുപാട് വ്യക്തി ബന്ധങ്ങള്‍ കാത്ത് സൂക്ഷിച്ച ആളായിരുന്നു അദ്ദേഹം. മലയാള സിനിമാ ലോകത്തിന് മാത്രമല്ല, സാധാരണ ജനങ്ങള്‍ക്കിടയിലും ഒരുപാട് സ്വാധീനം ചെലുത്തിയ അപൂര്‍വ്വ വ്യക്തിത്വത്തിനുടമ. 2023 ഏപ്രില്‍ 26നാണ് അതുല്യ കലാകാരന്‍ നമ്മോട് വിടപറഞ്ഞത്.