എംസി റോഡിൽ ചങ്ങനാശ്ശേരിയിൽ എസ് ബി കോളേജിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു കയറി അപകടം.
അപകടത്തിൽ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.
ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയായിരുന്നു അപകടം. കോളേജിന് മുന്നില്‍ എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ബസ്, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല.
പരിക്കേറ്റവരെ ചങ്ങനാശ്ശേരിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ്സിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു. ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് ബസിന്റെ നിയന്ത്രണം വിടാൻ കാരണമെന്ന് യാത്രക്കാർ പറയുന്നു.