ശുദ്ധ സംഗീതത്തിന്റെ സൗന്ദര്യം മലയാളികൾക്ക് ആവോളം പകർന്നു നൽകിയ മഹാരഥൻ ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 84 –ാം പിറന്നാൾ.
കളരിക്കൽ കൃഷ്‌ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായി 1940 മാർച്ച് 16-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് ശ്രീകുമാരൻ തമ്പി ജനിച്ചത്. കുട്ടിക്കാലം മുതൽ കഥകളും കവിതകളും എഴുതിയിരുന്നു.
1966-ൽ ‘കാട്ടുമല്ലിക’ എന്ന ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ഗാനരചനയിലേക്കു കടന്നു വന്നത്. പിന്നീടിങ്ങോട്ട് ആ തൂലികത്തുമ്പിലൂടെ പാട്ടുകളുടെ പ്രവാഹമായിരുന്നു. ഒന്നൊഴിയാതെ എല്ലാം ഹിറ്റുകൾ. മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടെ കലാഹൃദയത്തിൽ വിരിഞ്ഞു. പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തുന്ന ശ്രീകുമാരൻ തമ്പി ‘ഹൃദയഗീതങ്ങളുടെ കവി’ എന്നും വിശേഷിപ്പിക്കപ്പെടുന്നു.