തിരുവനന്തപുരം : പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വി.ഐ.പി ദര്‍ശനസൗകര്യം വാഗ്ദാനം ചെയ്ത് ഭക്തരില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ .
മണക്കാട് കടിയപ്പട്ടണം സീത നിവാസില്‍ എസ്.ശരവണനെയാണ് (33) ഇന്നലെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച രാവിലെ 8.30നായിരുന്നു സംഭവം.
പന്ത്രണ്ട് വര്‍ഷത്തോളം ക്ഷേത്രത്തിലെ താത്കാലികജീവനക്കാരനായിരുന്നു.ജോലിക്കിടയില്‍ മൃദംഗവാദനത്തിന് പുറത്തു പോയതിനാല്‍ ആറുമാസമായി ജോലിയില്‍ നിന്ന് മാറ്റിനിറുത്തിയിരുന്നു.
ഇതിനു ശേഷവും ഇയാള്‍ ക്ഷേത്രപരിസരത്ത് സ്ഥിരമായി എത്താറുണ്ട്.വെള്ളിയാഴ്ച മുംബയില്‍ നിന്ന് ദര്‍ശനത്തിനെത്തിയ 23അംഗ സംഘത്തെ വി.ഐ.പി ദര്‍ശനം നല്‍കാമെന്നു പറഞ്ഞ് ഇയാള്‍ വലയിലാക്കി.
മുണ്ടുടുത്ത് വന്ന ഇയാള്‍ മുൻ ക്ഷേത്ര ജീവനക്കാരനാണെന്നും ക്ഷേത്രത്തില്‍ നല്ല പിടിപാടാണെന്നും പറഞ്ഞു.ഒരാള്‍ക്ക് 500 രൂപ വീതം 23 പേര്‍ക്ക് 11,500 രൂപ പ്രതിഫലം വാങ്ങി ഇയാള്‍ മുങ്ങി.
പണം നല്‍കിയിട്ടും ദര്‍ശനം ലഭിക്കാതായപ്പോഴാണ് തട്ടിപ്പ് മുംബയ് സ്വദേശികള്‍ക്ക് മനസിലായത്. ശരവണന്റെ പേരുപറഞ്ഞ് അകത്തു പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും കടത്തിവിട്ടില്ല.
ഇതോടെ ഇവര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതിപ്പെട്ടു. ക്ഷേത്രത്തിലെ സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. മണക്കാടുള്ള വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.വീട്ടില്‍ നിന്ന് കണ്ടെടുത്ത പണം പൊലീസ് കോടതിയില്‍ ഏല്പിച്ചു.