പേസ് ബോളര്‍മാരുടെ പറുദീസയായി മാറിയ പെര്‍ത്തില്‍, ഓസിസ് 104 റണ്‍സിന് ഓള്‍ഔട്ട്. ഇതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 46 റണ്‍സായി. നായകന്‍ ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടി.ഹര്‍ഷിദ് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ പേസ് ബൗളിങിന് മുന്നില്‍ പേരുകേട്ട ഓസിസ് ബാറ്റര്‍മാര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.
രണ്ടാം ദിവസത്തെ കളി ആരംഭിക്കുന്നതിനിടെ, മൂന്നു റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേയ്ക്കും എട്ടാം വിക്കറ്റും നഷ്ടമായി. 41 പന്തില്‍ മൂന്നു ഫോര്‍ സഹിതം 21 റണ്‍സുമായി ഓസീസിന്റെ അലക്‌സ് ക്യാരിയാണ് ആദ്യം പുറത്തായത്. ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് സമ്മാനിച്ചാണ് ക്യാരിയുടെ മടക്കം. തൊട്ടുപിന്നാലെ തന്നെ നഥാന്‍ ലയോണും മടങ്ങി. 16 പന്തില്‍ നിന്ന് അഞ്ച് റണ്‍സ് നേടിയ ലയോണെ ഹര്‍ഷിദ് റാണയുടെ പന്തില്‍ രാഹുല്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഓസിസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് ടോപ്‌സ്‌കോറര്‍. 26 റണ്‍സ് എടുത്ത സ്റ്റാര്‍ക്കിനെ ഹര്‍ഷിദ് റാണ റത്താക്കി. 31 പന്തില്‍ ഏഴ് റണ്‍സുമായി ഹേസല്‍വുഡ് പുറത്താകാതെ നിന്നു.