കേരളമാകെ അർജുനായി കാത്തിരുന്ന നാളുകളാണിത്…

ഈ വാർത്ത ഷെയർ ചെയ്യാം

കേരളക്കരയാകെ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത് അസാധാരണ ദുരന്തങ്ങൾ.ജലജന്യ രോഗങ്ങൾക്ക് പുറമെയാണിത് എന്നുള്ള കാര്യം ഓർക്കണം.നമ്മെ ഒന്നാകെ നടുക്കുന്ന ദുരന്തങ്ങളാണ് ഒന്നിനു പിന്നാലെ ഒന്നായി മലയാളികളെ തേടിയെത്തുന്നത്.

തിരുവനന്തപുരത്ത് മാലിന്യം നിറഞ്ഞ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളി ജോയിയെ ഒഴുക്കിൽപെട്ട് കാണാതാവുന്നത്. അസാധാരണമായ രക്ഷാപ്രവർത്തനമാണ് ആ ദിവസങ്ങളിൽ നാം നടത്തിയത്. കേരളം മുഴുവൻ ജോയിക്കായി പ്രാർഥനയോടെ കാത്തിരുന്ന മണിക്കൂറുകൾ. മാലിന്യം തിങ്ങിനിറഞ്ഞതിനാൽ തോട്ടിലെ ടണലിലേക്ക് ഇറങ്ങാൻ പോലും ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തകർ നന്നേ വിഷമിച്ചു. നഗരമധ്യത്തിലെ അഴുക്കുചാലിൽ അതീവ ദുഷ്കരമായി മുന്നോട്ടുനീങ്ങിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ മൂന്നാം ദിനമാണ് ജോയിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തുന്നത്.

ജോയി ഒരു വിങ്ങലായി മലയാളികളുടെ മനസിൽ തുടരുമ്പോൾ തന്നെയാണ് കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടിയുള്ള തെരച്ചിൽ ആരംഭിക്കുന്നത്. സാധ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നുവെന്ന് കർണാടക സർക്കാർ അവകാശപ്പെടുമ്പോഴും അർജുൻ എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ 13 ദിവസം കടന്നുപോയിക്കഴിഞ്ഞു. ഇന്നു കണ്ടെത്തും, നാളെ ഉറപ്പായും കണ്ടെത്തും എന്ന പ്രതീക്ഷയിൽ കേരളമാകെ അർജുനായി കാത്തിരുന്ന നാളുകളാണിത്.

അതിനിടയിൽ ഡൽഹിയിൽ നിന്ന് മറ്റൊരു അസാധാരണ ദുരന്തവാർത്ത കൂടി മലയാളികൾ കേൾക്കേണ്ടിവന്നിരിക്കുകയാണ്. സിവിൽ സർവീസ് കോച്ചിങ് സെന്‍ററിന്‍റെ ബേസ്മെന്‍റിൽ വെള്ളം ഇരച്ചു കയറി ഒരു മലയാളിയടക്കം മൂന്നു വിദ്യാർഥികൾ മരിച്ച സംഭവമുണ്ടായത് ശനിയാഴ്ച. കനത്ത മഴയെത്തുടർന്ന് രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് സ്റ്റഡി സെന്‍ററിലേക്ക് ഓട നിറഞ്ഞ് ഇരച്ചുകയറിയ വെള്ളം ബേസ്മെന്‍റിലെ ലൈബ്രറി മുക്കുകയായിരുന്നു. ആ സമയത്ത് നിരവധി കുട്ടികൾ ലൈബ്രറിയിൽ ഉണ്ടായിരുന്നു എന്നാണു പറയുന്നത്. മൂന്നു പേരൊഴികെ ബാക്കി വിദ്യാർഥികൾ ഓടി രക്ഷപെട്ടു. ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയായ മലയാളി നെവിൻ ഡാൽവിൻ, തെലങ്കാന സ്വദേശി ടാനിയ സോണി, ഉത്തർപ്രദേശ് സ്വദേശി ശ്രേയ യാദവ് എന്നിവരാണു മരിച്ചത്.

അർജനെ കണ്ടുകിട്ടാതെ തെരച്ചിൽ അവസാനിപ്പിക്കുന്നത് കേരളത്തിന് ഉൾക്കൊള്ളാനാവുന്നതല്ല. മല റോഡിലേക്കും പുഴയിലേക്കും ‍ഇടിഞ്ഞുവീണാണ് അർജുൻ ഉൾപ്പെടെയുള്ളവർ അതിനടിയിൽ പെടുകയോ കാണാതാവുകയോ ചെയ്ത ദുരന്തമുണ്ടായത്.

കേരളത്തിലും മലകൾ വെട്ടിമുറിച്ചുള്ള റോഡുകൾ നിർമിക്കപ്പെടുന്നുണ്ട്. ഇത്തരം റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഷിരൂർ ദുരന്തം ഓർമപ്പെടുത്തുന്നുണ്ട്.കണ്ണൂരിൽ ഒരു ഷിരൂർ ഒളിഞ്ഞിരിക്കുന്നെണ്ടെന്ന് കേരളത്തിലെ ഒരു പ്രമുഖ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്ന കാര്യവും ഇതിനോടനുബന്ധിച്ച് ഓർക്കുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!