കൊച്ചി: മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി തേടിയുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. വെടിക്കെട്ടിന് അനുമതി നിഷേധിച്ച സിംഗില്‍ ബെഞ്ച് ഉത്തരവിന് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ നല്‍കിയില്ല. ആചാരത്തിന്റെ ഭാഗമാണ് വെടിക്കെട്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ കോടതിയെ അറിയിച്ചു.
ആചാരങ്ങളില്‍ വ്യക്തതയ്ക്കായി സിംഗിള്‍ ബെഞ്ചിനെ സമീപിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണെന്നും, മുന്‍വര്‍ഷങ്ങളില്‍ നിയന്ത്രണങ്ങളോടെ വെടിക്കെട്ട് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
എന്നാല്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകളെല്ലാം വെടിക്കെട്ടിന് എതിരാണല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. മരട് ക്ഷേത്രത്തില്‍ ഇന്നും നാളെയുമായിട്ടാണ് വെടിക്കെട്ട് നടക്കേണ്ടത്. നേരത്തെ മരട് വെടിക്കെട്ടിന് ജില്ലാ കലക്ടറും, ഹൈക്കോടതി സിംഗിള്‍ ബെഞ്ചും അനുമതി നിഷേധിച്ചിരുന്നു. റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചത്.