ചിറയിൻകീഴ്: ശാർക്കര ദേവീ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാളിയൂട്ട് മഹോത്സവത്തിന് ഇന്ന് (വ്യാഴം) തുടക്കം. മാർച്ച് 1 ന് വൈകിട്ടാണ് പ്രധാന ചടങ്ങായ നിലത്തിൽപ്പോരും ദാരിക നിഗ്രഹവും .
ഇന്ന് രാവിലെ 8.30നും 9നും ഇടയ്ക്ക് മേൽശാന്തിയുടെ സാന്നിദ്ധ്യത്തിൽ നാലമ്പലത്തിനകത്താണ് കാളിയൂട്ടിന് കുറിച്ചത്. രണ്ട് താളിയോല കുറിമാനങ്ങൾ തയ്യാറാക്കി. ക്ഷേത്ര ഭണ്ഡാരപ്പിളള സ്ഥാനീയൻ ജി.ജയകുമാർ താളിയോലയിൽ നീട്ടെഴുതി പൊന്നറ കുടുംബത്തിലെ പ്രതിനിധിക്ക് കൈമാറിയതോടെ ചടങ്ങുകൾ ആരംഭിക്കുകയായി.
ഇനിയുള്ള ഒൻപത് ദിവസം അത്താഴപൂജക്ക് ശേഷം തെക്കു വശത്തെ തുളളൽ പുരയിലാണ് ചടങ്ങുകൾ നടക്കുക.മാർത്താണ്ഡ വർമ്മ മഹാരാജാവ് കായംകുളം രാജാവിനെ തോല്പിച്ചെത്തിയതിന്റെ സ്മരണയ്ക്കാണ് കാളിയൂട്ട്. കാളിയൂട്ടിന്റെ വേഷം കെട്ടാൻ അവകാശം ആറ്റിങ്ങൽ പൊന്നറ കുടുംബത്തിനാണ്. 21 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ 151 പേരാണ് കർമ്മങ്ങളിൽ പങ്കെടുക്കുന്നത്.