പത്തുലക്ഷം മണ്‍ചിരാതുകളില്‍ തിരിതെളിയും.

ഈ വാർത്ത ഷെയർ ചെയ്യാം

അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ഇന്നു പ്രാണപ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തില്‍ ശ്രീരാമന്റെ ബാല വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. രാവിലെ 11.30ന് ആരംഭിക്കുന്ന താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷം 12.20ന് ആയിരിക്കും പ്രാണപ്രതിഷ്ഠ.

ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ രാമജന്മഭൂമിയിലെത്തും. ചടങ്ങില്‍ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. പ്രതിഷ്ഠക്ക് ശേഷം നാളെ മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പ്രാണപ്രതിഷ്ഠ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 8000 അതിഥികളുടെ സാന്നിധ്യമുണ്ടാവും.

രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും ഇന്നലെ തന്നെ പുഷ്പാലംകൃതമാക്കിയിട്ടുണ്ട്. പരിസരങ്ങളിലായി മഹാരാഷ്ട്രയില്‍ നിന്നെത്തിച്ച 7500 പൂച്ചെടികള്‍ നട്ടു. നഗരവീഥികളില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.

ഇന്ന് പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറും. ചടങ്ങിനോടനുബന്ധിച്ച് വൈകീട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മണ്‍ചിരാതുകളില്‍ തിരിതെളിയും.

ചടങ്ങുകളോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി നഗരത്തില്‍ 13,000 സുരക്ഷാഭടന്മാരെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് നിരീക്ഷണത്തിന് 10,000 സിസിടിവികള്‍. വിഐപികള്‍ പോകുന്ന മേഖലകളില്‍ പെട്രോളിങ്. ക്ഷേത്രത്തിന് ചുറ്റും യു.പി പൊലീസ്, യുപി സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ്, സിആര്‍പിഎഫ് എന്നിവയുടെ സുരക്ഷയുണ്ട്. യുപി ഭീകരവിരുദ്ധ കമാന്‍ഡോകളും നിരീക്ഷണത്തിനുണ്ട്. ഡ്രോണുകളും ദേശീയ ദുരന്ത നിവാരണ സേനയും, ബോംബ് സ്‌ക്വാഡും നിരീക്ഷണത്തിന് ഉണ്ട്.

പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ സംപ്രേഷണം കാണാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. ദൂരദര്‍ശന്‍ നാഷണല്‍, ദൂരദര്‍ശന്‍ ന്യൂസ് ചാനലുകള്‍ ഫോര്‍ കെ ക്വാളിറ്റിയിലാണ് സംപ്രേഷണം ചെയ്യുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!