ചിറയിൻകീഴ് : തെക്കൻ കേരളത്തിലെ പ്രധാന ക്ഷേത്രമായ ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ട് ചടങ്ങുകൾ ഭക്തിനിർഭരമായി സമാപിച്ചു. ‘അമ്മേ നാരായണ, ദേവീ നാരായണ’ മന്ത്രത്താൽ മുഖരിതമായ സായാഹ്നം ശാർക്കര ദേവീഭക്തരുടെ അഭൂതപൂർവമായ പങ്കാളിത്തംകൊണ്ട് വിശേഷപ്പെട്ടതായി.
അനുഷ്ഠാനങ്ങൾക്ക് തെല്ലും ലോപംവരാതെ ആചാരപ്പെരുമ വിളിച്ചോതിയാണ് ഇത്തവണയും കാളിയൂട്ട് ചടങ്ങുകൾ അരങ്ങേറിയത്. തിന്മയുടെ പ്രതീകമായ ദാരികാസുരനെ വധിച്ച് നന്മയുടെ വിത്തെറിഞ്ഞ് ദേവി അശരണർക്ക് അനുഗ്രഹം ചൊരിഞ്ഞു. പോർക്കളം നിറഞ്ഞാടിയ രുദ്രരൂപിണിയായ ദേവി ദാരികനെ വധിച്ച് മുടിത്താളമാടി.
ശാർക്കരപ്പറമ്പിലെ വിശാലമായ മണൽപ്പുറത്ത് കാളീ നാടകത്തിന്റെ അവസാന രംഗമാണ് വെള്ളിയാഴ്ച അരങ്ങേറിയത്. വൈകീട്ട് അഞ്ചോടെ ക്ഷേത്രത്തിന് പിന്നിലുള്ള ചുട്ടികുത്ത് പുരയിൽനിന്ന് സർവാഭരണ വിഭൂഷിതയായ ദേവിയും പരിജനങ്ങളും ക്ഷേത്രത്തിന്റെ കിഴക്കുവശത്തുകൂടി തെക്കേനടയിലിറങ്ങി കിഴക്കോട്ട് ദർശനം നൽകി ദേവിയുടെ തിരുമുടി തലയിലേറ്റി. ക്ഷേത്ര മേൽശാന്തി, ദേവിയുടെ മുടിയിൽ പൂമാലചാർത്തി തീർഥജലം തളിച്ചതോടെ അവസാന ക്രീയാംശത്തിന് തുടക്കമാവുകയായിരുന്നു.
ദേവീ സ്തോത്രങ്ങളും വായ്ക്കുരവയുമായി അന്തരീക്ഷം ഭക്തിസാന്ദ്രമായി. തുടർന്ന് പോർക്കളത്തിൽ മൂന്നു വലംവച്ചശേഷം പറണിൽ കയറിയ ദേവി അത്യുച്ചത്തിൽ ദാരികനെ പോരിനുവിളിച്ചു. തുടർന്ന് പൊടിപാറുന്ന പോരാട്ടത്തിനാണ് ശാർക്കരപ്പറമ്പ് സാക്ഷ്യം വഹിച്ചത്.
ഘോര യുദ്ധത്തിനൊടുവിൽ ദാരികവധം കുലവാഴ വെട്ടി പ്രതീകാത്മകമായി അവതരിപ്പിച്ച ശേഷം ദേവി മുടിത്താളമാടി. ദാരികന്റെ ശിരസ്സ് ഭദ്രകാളിയുടെ മുടിയിൽ ഉഴിഞ്ഞശേഷം മുടിയുഴിച്ചിൽ ദിവസം കലശത്തിൽ കെട്ടിവച്ചിരുന്ന വിത്തെടുത്ത് വിതറിയശേഷം മേൽശാന്തിയുടേയും സ്ഥാനികളുടേയും സാന്നിധ്യത്തിൽ മുടിയിറക്കിയതോടെ ഈ വർഷത്തെ കാളിയൂട്ടുത്സവം ഭക്തിനിർഭരമായി സമാപിച്ചു.