പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പിന് പുതിയ മന്ത്രി ചുമതലയേറ്റതുപോലും അറിയാതെ ഔദ്യോഗിക വെബ്സൈറ്റ്. പുതിയ മന്ത്രിയായി വയനാട്ടുകാരനായ ഒ.ആർ കേളു സത്യപ്രതിജ്ഞ ചെയ്തത് കഴിഞ്ഞ ജൂൺ 23നാണ്. എന്നാൽ വകുപ്പിന്റെ ‘ഉന്നതി’ പദ്ധതിയുടെ unnathikerala.org എന്ന വെബ്സൈറ്റിൽ ഇപ്പോഴും മന്ത്രി സ്ഥാനത്ത് മുൻമന്ത്രി കെ. രാധാകൃഷ്ണനാണ്.
അദ്ദേഹത്തിന്റെ ഫോട്ടോയും പേരുമാണ് സൈറ്റിലുള്ളത്. വകുപ്പിന്റെ വികസന-വിദ്യാഭ്യാസ ക്ഷേമപ്രവർത്തനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുകയെന്ന ലക്ഷ്യവുമായാണ് 2022ൽ ‘ഉന്നതി’ രൂപവത്കരിച്ചത്. 2023 ആഗസ്റ്റിൽ പ്രത്യേക വെബ്സൈറ്റും തുടങ്ങി. പിന്നാക്കവിഭാഗം വിദ്യാർഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾ, പരിശീലനം, സംരംഭകത്വ അവസരങ്ങൾ തുടങ്ങിയവക്കായുള്ള പ്രധാന വെബ്സൈറ്റിലാണ് തെറ്റുകളുടെ കൂമ്പാരമുള്ളത്.
വകുപ്പ് മന്ത്രിയെന്ന നിലയിൽ ഒ.ആർ കേളുവാണ് ഉന്നതിയുടെ ചെയർമാൻ. എന്നാൽ മുൻ മന്ത്രി കെ.രാധാകൃഷ്ണന്റെ ഫോട്ടോയാണ് ചെയർമാൻ എന്ന നിലയിലും വെബ്സൈറ്റിലെ ‘ഗവേണിങ്-ബോഡി’ എന്ന വിൻഡോയിലുമുള്ളത്.
വെബ്സൈറ്റ് പ്രകാരം വകുപ്പിന്റെ ഡയറക്ടർ സ്ഥാനത്ത് ഇപ്പോഴും ഡി.ആർ. മേഘശ്രീ ഐ.എ.എസിന്റെ ഫോട്ടോയും പേരുമാണുള്ളത്. ഡയറക്ടർ ആയിരുന്ന മേഘശ്രീ നിലവിൽ വയനാട് ജില്ല കലക്ടറാണ്. മുൻ വയനാട് കലക്ടറായ രേണുരാജാണ് വകുപ്പിന്റെ പുതിയ ഡയറക്ടർ എന്ന വിവരവും വെബ്സൈറ്റ് ഇതുവരെ അറിഞ്ഞിട്ടില്ല. വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്തിനെ ഈ സ്ഥാനത്ത് നിന്ന് മാറ്റിയിട്ട് നാലുമാസമായി. എന്നാൽ ഇദ്ദേഹത്തിന്റെ ഫോട്ടോയും പേരുമാണ് ഇപ്പോഴും സൈറ്റിലുള്ളത്.