പ്രാണ പ്രതിഷ്ഠ സനാതന പാരമ്പര്യത്തിന് വിരുദ്ധമായാണ്.

ഈ വാർത്ത ഷെയർ ചെയ്യാം

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഭോലാ ദാസ് എന്നയാളാണ് അലഹാബാദ് ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ ഈ മാസം 22 ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പ്രതിഷ്ഠാ ചടങ്ങ് കോടതി വിലക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. പൂര്‍ത്തീകരിക്കാത്ത ക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ പാടില്ല. ഇക്കാര്യം ശങ്കരാചാര്യന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മാത്രമല്ല,ഹിന്ദു വിശ്വാസപ്രകാരം മതപരമായ ചടങ്ങുകള്‍ നടത്താന്‍ പാടില്ലാത്ത സമയത്താണ് പ്രാണപ്രതിഷ്ഠ നടത്തുന്നത് എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രാണ പ്രതിഷ്ഠ സനാതന പാരമ്പര്യത്തിന് വിരുദ്ധമായാണ്. അടുത്തു നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് നേട്ടത്തിനായാണ് ബിജെപി ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയനും അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. യുപി ചീഫ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറിനെതിരെയാണ് ലോയേഴ്‌സ് യൂണിയന്റെ ഹര്‍ജി.

പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ രാമകഥ, രാമായണ പാരായണം, ഭജന കീര്‍ത്തനം തുടങ്ങിയവ നടത്തണമെന്ന് ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് തീരുമാനിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പൂജാപരിപാടികള്‍ക്ക് ചൊവ്വാഴ്ച തുടക്കമായിരുന്നു. അതേസമയം നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നതില്‍ പ്രതിഷേധിച്ച് ശങ്കരാചാര്യന്മാര്‍ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!