തിരുവനന്തപുരം : മതേതര രാഷ്ട്രത്തില്‍ ജനിച്ച ഞാൻ ഹിന്ദുത്വ രാഷ്ട്രത്തില്‍ മരിക്കേണ്ടി വരുന്നതിൽ ആശങ്കയുണ്ടെന്ന് പ്രൊഫ. എം. എൻ കാരശ്ശേരി.
കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ‘പി. ടി കലയും കാലവും’ എന്ന സാംസ്കാരിക മേളയിലെ ‘പി. ടി യുടെ കലാപ സ്വപ്‌നങ്ങൾ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തെയും രാഷ്ട്രീയത്തെയും കൂട്ടി കുഴയ്ക്കുന്നത് പല തരത്തിലുള്ള കലാപങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. അടുത്തൊരു തെരഞ്ഞെടുപ്പോടെ പൗരത്വ ഭേദഗതി ബിൽ പോലുള്ള അപകടങ്ങൾ പുനർജീവിക്കാനും സാധ്യതയുണ്ടെന്നും കാരശ്ശേരി സൂചിപ്പിച്ചു.
അപകടകരമായ സമൂഹത്തിൽ ജീവിക്കുമ്പോൾ ജാതിമതഭേദമന്യേ മനുഷ്യത്വപരമായി ജീവിക്കേണ്ടുന്നതിനെ കലയിലൂടെ ഓർമ്മിപ്പിക്കുന്ന പി ടി യുടെ സിനിമകൾ ഇന്നത്തെ കാലത്തിന്റെതാണെന്ന് നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ പറഞ്ഞു.
സജീവമായ ഇടപെടൽ അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഇനിയും കാലം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.കവി പി. എൻ. ഗോപികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി. ഡി രാമകൃഷ്ണൻ, ഡോ. ഖദീജ മുംതാസ്, എം. പി ബഷീർ, ഡോ. ഷീല വിശ്വാനാഥൻ ടി. ടി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.