പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയ സത്യഭാമയെന്ന ഡാൻസ് ടീച്ചറുടെ പേരിൽ തെറ്റിദ്ധരിക്കപ്പെടുന്നത് മോഹിനിയാട്ടത്തിലെ യഥാർഥ പ്രതിഭ കലാമണ്ഡലം സത്യഭാമ.
കലാമണ്ഡലം സത്യഭാമ എന്ന് പേർ സ്വീകരിച്ചിട്ടുള്ള ഇപ്പോൾ വിവാദത്തിലകപ്പെട്ട വനിത കലാമണ്ഡലത്തിൽ പഠിച്ചു എന്നത് മാത്രമാണ് ആ സ്ഥാപനവുമായുള്ള ബന്ധം. കലാമണ്ഡലം തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. കലാമണ്ഡലം എന്ന പേർ ഇവർ പേരിനൊപ്പം ഉപയോഗിക്കുന്നതിൽ മുന്നറിയിപ്പും നൽകി.
കലയെയും കലാകാരേയും അങ്ങേയറ്റം മോശമാക്കി ജാതീയതയും വർഗീയതയും പ്രചരിപ്പിക്കുന്ന സത്യഭാമയുടെ പേരിനൊപ്പം കലാമണ്ഡലം കൂടി ചേർത്ത് പറയപ്പെടുമ്പോൾ യഥാർഥത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നത് രാജ്യം പത്മശ്രീയുൾപ്പെടെ നൽകി ആദരിച്ച മഹത്തായ കലാകാരിയാണ് എന്ന വിമർശനം പരക്കെ ഉയരുകയാണ്.
കലാമണ്ഡലം സത്യഭാമ, കാലം മറക്കാത്ത പ്രതിഭ
പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പദ്മനാഭൻ നായരുടെ പത്നിയും കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്നു കലാമണ്ഡലം സത്യഭാമ.
1954-ൽ കേരള കലാമണ്ഡലത്തിൽ പഠനമാരംഭിച്ചു. മോഹിനിയാട്ടത്തോടൊപ്പം ഭരതനാട്യവും കലാമണ്ഡലം പത്മനാഭനാശാനിൽനിന്ന് കഥകളിയും പഠിച്ചു. 1957-ൽ കലാമണ്ഡലത്തിൽ അധ്യാപികയായി. 1958-ൽ കലാമണ്ഡലം പത്മനാഭൻ നായരുമായി വിവാഹം. 1991-ൽ കലാമണ്ഡലം വൈസ് പ്രിൻസിപ്പലായി സ്ഥാനമേറ്റു. 1992-ൽ പ്രിൻസിപ്പലായി. 93ൽ വിരമിച്ചു.
മോഹിനിയാട്ടം എന്ന കലാരൂപത്തെ ബ്രാഹ്മണിക്കൽ ശൈലികളിൽ നിന്നും കഥകളിയിൽ നിന്നും മോചിപ്പിച്ച് ലളിതമാക്കി എന്നതാണ് കലാമണ്ഡലം സത്യഭാമ ടീച്ചറുടെ സംഭാവന. ഭംഗിയുള്ള മുദ്രകൾ ചിട്ടപ്പെടുത്തി മോഹിനിയാട്ടത്തെ കൂടുതൽ ജനകീയമാക്കി. മോഹിനിയാട്ടമെന്ന നൃത്തരൂപത്തെ പഠിച്ച് മോഹിനിയാട്ടം: ചരിത്രം സിദ്ധാന്തം പ്രയോഗം’ എന്ന പുസ്തകവും രചിച്ചു.
1976-ൽ മോഹിനിയാട്ടത്തിന് കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ്, 1994-ൽ മോഹിനിയാട്ടത്തിന് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അവാർഡ്, ഷഡ്‌ക്കാല ഗോവിന്ദമാരാർ പുരസ്‌കാരം, കേരള കലാമണ്ഡലം അവാർഡ്, കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, കേന്ദ്ര സർക്കാറിന്റെ സീനിയർ ഫെലോഷിപ്പ്,2005-ൽ കേരള സർക്കാറിന്റെ ആദ്യത്തെ നൃത്തനാട്യപുരസ്‌കാരം എന്നിവ സ്വന്തമാക്കിയ കലാമണ്ഡലം സത്യഭാമയെ 2014 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.