വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ് നടത്തിയ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽപ്പെട്ട മനുഷ്യരെ അപമാനിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ വാക്കുകളെന്നു അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സങ്കുചിത താത്പര്യത്തിനു വേണ്ടി ദുരന്തത്തെ ചിലർ ഉപയോഗിക്കുന്ന ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായപ്പോൾ ആദ്യം വിളിച്ചത് രാഹുൽ ഗാന്ധിയാണ്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൂന്നാമതായി ആഭ്യന്തര മന്ത്രി അമിത് ഷായും വിളിച്ച് വിവരങ്ങൾ തിരക്കി. കേന്ദ്രത്തിനായി വിളിച്ച രണ്ട് പേരും എന്തു സഹായവും നൽകാൻ സന്നദ്ധരാണെന്ന രീതിയിലാണ് സംസാരിച്ചത്. എന്നാൽ ചിലരുടെ നിലപാട് മാറി.
അനേകം പേരുടെ ജീവനും ജീവിതവുമെടുത്ത ദുരന്തമാണിത്. മാനസികാഘാതത്തിൽ നിന്നു കേരളമാകെ മോചിതരായിട്ടില്ല എന്നതാണ് വസ്തുത. ഈ ദുരന്തം ഇനിയും ആവർത്തിക്കാതിരിക്കാൻ സംയുക്തമായി നടപടിയെടുക്കുകയാണ് വേണ്ടത്. ശാസ്ത്രീയ മാർഗത്തിലൂടെ ഇതിനു സാധിക്കണം. കേന്ദ്രത്തിനും ഇതിൽ പങ്കുണ്ട്.
അതിജീവനത്തിന്റെ പ്രശ്നമാണ്. ആഴത്തിലുള്ള ചിന്തകൾക്കും കൂട്ടായ പരിശ്രമങ്ങൾക്കും മുൻപുള്ള ഘട്ടമാണിത്. ഈ ഘട്ടത്തിൽ ഒന്നിച്ചു നിൽക്കണം. സങ്കുചിത താത്പര്യങ്ങൾക്കായി ചിലരെങ്കിലും അവസരം ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണ്. അക്കൂട്ടത്തിൽ ഉത്തരവാദിത്വപ്പെട്ടവരും ഉൾപ്പെടുന്നത് അങ്ങേയറ്റം അപലപനീയമാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബഹുമാനപ്പെട്ട കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രസ്താവന ദൗർഭാഗ്യവശാൽ അത്തരത്തിലുള്ളതാണ്. പ്രാദേശിക ഭരണ സംവിധാനത്തിന്റെ ഒത്താശയോടെ നടക്കുന്ന അനധികൃത മനുഷ്യവാസവും ഭൂമി കൈയേറ്റവും അനധികൃത ഖനനവും ഒക്കെയാണ് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിന്റെ കാണമെന്നു അദ്ദേഹം പറഞ്ഞിരുന്നു.
ഇത്തരം ദുരാരോപണത്തിലൂടെ ദുന്തത്തിനിരയായ മനുഷ്യരെ മന്ത്രി അപമാനിക്കുകയാണ്. ആരാണിവിടുത്തെ അനധികൃത കുടിയേറ്റക്കാർ. ഈ ദുരന്തത്തിൽ മണ്ണടിഞ്ഞ എസ്റ്റേറ്റിലെ തൊഴിലാളികളോ. തങ്ങളുടെ തുണ്ടു ഭൂമിയിൽ ജീവിച്ച സാധാരണ മനുഷ്യരോ. കേരളത്തിലെ മലയോര മേഖലയെക്കുറിച്ച് ചെറിയ ധാരണയെങ്കിലും ഉള്ളവർക്ക് അവിടെ ജീവിക്കുന്ന മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്താൻ സാധിക്കില്ല.
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കേരളത്തിലെ മലയോര മേഖലയിലേക്കുള്ള കുടിയേറ്റത്തിനു. ദുഷ്കരമായ സാഹചര്യങ്ങളോടു മല്ലിട്ട് അവർ പടുത്തുയർത്തിയ ജീവിതത്തിനും സംസ്കാരത്തിനും സുദീർഘമായ ചരിത്രമുണ്ട്. അതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതെ മലയോര ജനതയെ കുടിയേറ്റക്കാരെന്ന ഒരൊറ്റ അച്ചിൽ ഒതുക്കുന്ന പ്രചാരണങ്ങൾക്ക് ഒരു കേന്ദ്ര മന്ത്രി തയ്യാറാകുന്നത് ഏറ്റവും ചുരുങ്ങിയ രീതിയിൽ പറഞ്ഞാൽ ഔചിത്യമല്ല.
അനധികൃത ഖനനം നടന്നതിനാലാണ് മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടിതെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു വിചിത്ര വാദം. എന്നാൽ മുണ്ടക്കൈ ലാൻഡ് സ്ലൈഡ് ഏരിയയിൽ നിന്നു അടുത്ത ക്വാറിയിലേക്കുള്ള ദൂരം 10.02 കിലോ മീറ്ററാണ്. ഇതാണ് സത്യമെന്നിരിക്കേ എന്തിനാണ് കേന്ദ്ര മന്ത്രി തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.