തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ഷെഡ്യൂള്‍ മാറ്റണമെന്ന് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന് കത്ത് നല്‍കി. ബജറ്റ് ഫെബ്രുവരി അഞ്ചില്‍ നിന്ന് രണ്ടിലേക്ക് മാറ്റണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കെപിസിസി സംസ്ഥാന ജാഥ നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷം കത്ത് നല്‍കിയത്.
നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനം ഈ മാസം 25ന് വിളിച്ചുചേര്‍ക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ സമ്മേളനം പുനക്രമീകരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും കൂടിയുള്ള കെപിസിസിയുടെ ലോക്‌സഭാ പ്രചാരണ ജാഥ ഫെബ്രുവരി അഞ്ച് മുതല്‍ 25വരെ നടക്കുകയാണ്. ഈ ജാഥ കണക്കിലെടുത്ത് സഭാ ഷെഡ്യൂളില്‍ മാറ്റം വരുത്തണമെന്നും ബജറ്റ് അഞ്ചാം തീയതിയില്‍ നിന്ന് രണ്ടിലേക്ക് മാറ്റി ബജറ്റിന്റെ പൊതു ചര്‍ച്ച 5,6, 7 തീയതികളിലേക്ക് മാറ്റണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു. 9 മുതല്‍ 25വരെയുള്ള തീയതികളില്‍ യുഡിഎഫ് അംഗങ്ങള്‍ക്ക് ജാഥയില്‍ പങ്കെടുക്കുന്ന രീതിയില്‍ അവസരം ഒരുക്കണമെന്നും കത്തില്‍ പറയുന്നു.