കേരള സർവകലാശാല കലോത്സവത്തിൽ കോഴ ആരോപണം നേരിട്ടതിനെത്തുടർന്ന് അറസ്‌റ്റിലായ വിധികർത്താവിനെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സൗത്ത് റെയിൽവേ സ്‌റ്റേഷന് സമീപത്തെ ‘സദാനന്ദാല’യത്തിൽ ഷാജി പൂത്തട്ടയാണ് (51) മരിച്ചത്. ബുധൻ രാത്രി ഏഴോടെ മുറിയിൽനിന്ന് പുറത്തിറങ്ങാത്തതിനെതുടർന്ന് വീട്ടുകാർ മുറി തുറന്ന് നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്.
കലോത്സവത്തിൽ മാർഗംകളി വിധികർത്താവായിരുന്നു ഷാജി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഷംന. സഹോദരങ്ങൾ: അനിൽ കുമാർ, പരേതനായ സതീശൻ. സംസ്കാരം വ്യാഴം പകൽ 12ന് പയ്യാമ്പലത്ത്.
കലോത്സവം കഴിഞ്ഞ് തിങ്കളാഴ്‌ച ഷാജി വീട്ടിലെത്തിയിരുന്നു. സ്കൂളുകളിലും കോളേജുകളിലും വർഷങ്ങളായി നൃത്ത പരിശീലകനായിരുന്നു. ആത്മഹത്യാക്കുറിപ്പ് കിടപ്പുമുറിയിൽനിന്ന് പൊലീസിന് ലഭിച്ചു. താൻ കോഴ വാങ്ങിയില്ലെന്നും നിരപരാധിയാണെന്നും കുറിപ്പിലുണ്ട്. കലോത്സവത്തിൽ കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തെതുടർന്ന് ഷാജി ഉൾപ്പെടെ മൂന്നുപേർ അറസ്‌റ്റിലായിരുന്നു.
കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്‌ച തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ഷാജിയോട് ആവശ്യപ്പെട്ടിരുന്നു.