മലയാളത്തിന്‍റെ ജനകീയനായ ഭക്തകവി പൂന്താനം നമ്പൂതിരിയുടെ ജന്‍മദിനമാണ് ഇന്ന് .
“കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രമശ്വതിനാളെന്നും”
എന്ന ജ്ഞാനപ്പാനയിലെ വരികൾ കണക്കിലെടുത്ത്
എല്ലാ വർഷവും കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പൂന്താനദിനം ആഘോഷിക്കുന്നത്. ശ്രീകൃഷ്ണനു കുചേലൻ എങ്ങനെയോ അങ്ങനെയാണ് ഗുരുവായൂരപ്പന് പൂന്താനം എന്നാണ് ഭക്തരുടെ വിശ്വാസം.
ജീവിച്ച് അര നൂറ്റാണ്ട് പിന്നിട്ടിട്ടും കവിയെന്ന നിലയില്‍ പൂന്താനം കേരളീയരുടെ നിത്യ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഗഹനമായ ദര്‍ശനങ്ങള്‍ അദ്ദേഹം പച്ച മലയാളത്തില്‍ എഴുതി ജനങ്ങളെ ബോധവാന്മാരാക്കി.
പൂന്താനത്തിന്‍റെ വരികള്‍ വായിച്ചാല്‍ തോന്നുക മനുഷ്യ മനസ്സിനെ പൂര്‍ണ്ണമായി മനസ്സിലാക്കിയ ശാസ്ത്രജ്ഞന്‍ ആണെന്ന്. ചിലപ്പോള്‍ അദ്ദേഹത്തിന്‍റെ കവിതകള്‍ വിപ്ലവകരമാണ്. മറ്റു ചിലപ്പോള്‍ മനുഷ്യ ജീവിതത്തിന്‍റെ വിഹ്വലതകളേയും നിഷ്ഫലതയേയും വിവരിക്കുന്നവയാണ്.
പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള കീഴാറ്റൂര്‍ എന്ന ചെറിയൊരു ഗ്രാമത്തിലാണ് പൂന്താനം ഇല്ലം.വ്യാസമുനി രചിച്ച ഭാഗവതം വായിച്ചുപഠിച്ച് വലിയൊരു സംസ്കൃത പണ്ഡിതനായിത്തീര്‍ന്നതാണ് പൂന്താനം നമ്പൂതിരി എന്ന് പലര്‍ക്കും അറിയില്ല. കാരണം അദ്ദേഹം എഴുതിയത് ശുദ്ധമായ മലയാളത്തിലാണ്. ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലാണ്. അദ്ദേഹത്തിന്‍റെ ജ്ഞാനപ്പാന മലയാളത്തിലെ ഒരു വേദപുസ്തകമാണ്.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്ന് ഇന്നും ജ്ഞാനപ്പാന വായിക്കുന്നത് കേള്‍ക്കാം.ഭാഷാകര്‍ണ്ണാമൃതം, കുമാരഹരണം പാന (സന്താനഗോപാലം) എന്നിവയാണ് മറ്റ് കൃതികള്‍.
ഗുരുവായൂരപ്പന്‍റെ ഭക്തനായ പൂന്താനത്തെ കുറിച്ച് പല കഥകളും നിലനില്‍ക്കുന്നുണ്ട്. ഒരിക്കല്‍ ഇല്ലത്തു നിന്നും ഗുരുവായൂര്‍ക്ക് പുറപ്പെട്ട പൂന്താനത്തെ വഴിയില്‍ കൊള്ളക്കാര്‍ ആക്രമിച്ചുവെന്നും അപ്പോള്‍ സാമൂതിരിയുടെ മന്ത്രിയായ മങ്ങാട്ടച്ചന്റെ വേഷത്തില്‍ ഗുരുവായൂരപ്പന്‍ എത്തി രക്ഷിച്ചുവെന്നും ഒരു കഥ.
പണ്ഡിതനായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ പ്രൗഢമായ നാരായണീയത്തേക്കാള്‍ തനിക്കിഷ്ടം പരമസാത്വികനായ പൂന്താനത്തിന്‍റെ നിര്‍മ്മലമായ ഭക്തിയാണ് എന്ന് ഗുരുവായൂരപ്പന്‍ പറഞ്ഞു എന്ന് മറ്റൊരു കഥ.