ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ മൂന്നാം വിജയവുമായി ഇന്ത്യ സെമി ഫൈനലിൽ. ഒന്നാം ഗ്രൂപ്പിൽ ആറു പോയിന്റുമായാണ് ഇന്ത്യ സെമിയിലേക്കു കുതിച്ചത്.
ഇന്ത്യ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് 24 റൺസ് വിജയം. സെമി ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ജൂൺ 27നാണു സെമി പോരാട്ടം. തോറ്റെങ്കിലും ഓസ്ട്രേലിയയ്ക്ക് ഇനിയും സെമി പ്രതീക്ഷയുണ്ട്. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ബംഗ്ലദേശ് തോൽപിച്ചാൽ, രണ്ടാം സ്ഥാനക്കാരായി ഓസീസിന് സെമി ഫൈനലിലെത്താം. അഫ്ഗാൻ ജയിക്കുകയോ, കളി മഴ കാരണം ഉപേക്ഷിക്കുകയോ ചെയ്താൽ ഓസ്ട്രേലിയ പുറത്താകും. ബംഗ്ലദേശ് കൂറ്റന്‍ മാര്‍ജിനിൽ ജയിച്ചാൽ അവർക്കും സെമി സാധ്യതയുണ്ടെന്നതാണു സത്യം.