സ്പീഡ് റേസർ എന്ന ചിത്രത്തിലൂടെ ലോക പ്രശസ്തനായി.

ഈ വാർത്ത ഷെയർ ചെയ്യാം

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും അദ്ദേഹത്തിൻ്റെ രണ്ടു പെൺമക്കളും വിമാന അപകടത്തിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ച കരീബിയൻ ദ്വീപിൻ്റെ തീരത്ത് (coast of a Caribbean island) വിമാനാപകടത്തിലാണ് ജർമൻ വംശജനായ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും മരണപ്പെട്ടതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

30 വർഷമായി അഭിനയരംഗത്ത് സജീവമായിരുന്ന ക്രിസ്റ്റ്യൻ ഒലിവർ ടോം ക്രൂസിനും ജോർജ്ജ് ക്ലൂണിക്കുമൊപ്പം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും ഒരു സിംഗിൾ എഞ്ചിൻ വിമാനത്തിലെ യാത്രക്കാരായിരുന്നു എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12:10 ഓടെയാണ് സെൻ്റ് വിൻസെൻ്റിലെ ബെക്വിയ ദ്വീപ് വിമാനത്താവളത്തിൽ നിന്നും ഗ്രനേഡൈൻസിലേക്ക് വിമാനം പുറപ്പെട്ടതെന്നാണ് റോയൽ സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ് പൊലീസ് ഫോഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

സെൻ്റ് ലൂസിയയിലേക്കുള്ള യാത്രാമധ്യേ വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിന് പ്രശ്നമുണ്ടാവുകയായിരുന്നു എന്നും തുടർന്ന് വിമാനം കടലിൽ തകർന്നുവീഴുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.

അപകടത്തെത്തുടർന്ന്, മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്ധരും കോസ്റ്റ് ഗാർഡ് അംഗങ്ങളും സംഭവസ്ഥലത്തെത്തിയിരുന്നു, ഒലിവർ (51), അദ്ദേഹത്തിന്റെ പെൺമക്കളായ ആനിക് (10), മഡിത ക്ലെപ്‌സർ (12), വിമാനത്തിന്റെ പൈലറ്റ് എന്നിവരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന നാല് പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.

വിമാനത്തിലെ യാത്രക്കാരും പൈലറ്റും മരണപ്പെട്ടതായി ഉടമ റോബർട്ട് സാക്‌സിനെ മെഡിക്കൽ സംഘം അറിയിച്ചു. കോസ്റ്റ് ഗാർഡ് മൃതദേഹങ്ങൾ ബോട്ടിൽ ഒരു പ്രാദേശിക മോർച്ചറിയിലേക്ക് കൊണ്ടുപോയി. അതേ സമയം വെള്ളിയാഴ്ച രാത്രി വരെ പോസ്റ്റുമോർട്ടം പൂർത്തിയായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

വിമാന അപകടത്തിൻ്റെ വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് അന്തരിച്ച നടൻ ക്രിസ്ത്യൻ ഒലിവറിനും പെൺമക്കൾക്കും അനുശോചന പ്രവാഹമാണ്. വരാനിരിക്കുന്ന “ഫോർ എവർ ഹോൾഡ് യുവർ പീസ്” എന്ന ചിത്രത്തിൻ്റെ ക്ലൈമാക്സ് രംഗങ്ങളുടെ ചിത്രീകരണം ഒലിവർ അടുത്തിടെയാണ് പൂർത്തിയാക്കിയത്. പ്രസ്തുത ചിത്രത്തിൻ്റെ സംവിധായകൻ നിക്ക് ലിയോൺ, സഹനടൻ ബായ് ലിംഗ് എന്നിവർ ഒലിവറിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തി. തൻ്റെ മികച്ച സഹപ്രവർത്തകനും നടനും സുഹൃത്തും ആയതിന് ലിയോൺ നന്ദി പറഞ്ഞു. ഇരുവരും തമ്മിലുള്ള സഹകരണത്തെക്കുറിച്ച് അനുസ്മരിക്കുകയും ചെയ്തു. ഒലിവർ ധീരനായ നടനും സുന്ദരനായ വ്യക്തിയുമായിരുന്നെന്ന് ലിംഗ് ചൂണ്ടിക്കാട്ടി.

1994-ൽ “സേവ്ഡ് ബൈ ദ ബെൽ: ദ ന്യൂ ക്ലാസ്” എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് ഒലിവറിൻ്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. “ദ ഗുഡ് ജർമ്മൻ”, “സ്പീഡ് റേസർ”, “വാൽക്കറി” തുടങ്ങിയ സിനിമകൾ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. “ഫോർഎവർ ഹോൾഡ് യുവർ പീസ്” എന്ന ചിത്രത്തിലെ അദ്ദേഹത്തിൻ്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. 2017-ലും 2020-ലും കോൾ ഓഫ് ഡ്യൂട്ടി, മെഡൽ ഓഫ് ഹോണർ വീഡിയോ ഗെയിം സീരീസുകൾക്ക് ശബ്ദം നൽകിയതും ഒലിവറായിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!