പതിനേഴുകാരി കാരി പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും വിവാഹം കഴിച്ച യുവാവും അറസ്റ്റിൽ. പത്തനംതിട്ട ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയിൽ വീട്ടിൽ ആദിത്യൻ (21), പെൺകുട്ടിയുടെ അമ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവർ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. യുവാവിന്റെ അച്ഛനും അമ്മയുമാണ് മൂന്നും നാലും പ്രതികൾ.
പെൺകുട്ടിയുമായി രണ്ടുവർഷത്തോളമായി അടുപ്പത്തിലായിരുന്നു. തുടർന്നാണ് അമ്മ പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുത്തത്. ഗർഭിണിയായപ്പോൾ ഇതു മറച്ചുവയ്ക്കാനായി പ്രതിയുടെ മാതാപിതാക്കൾ വയനാട്ടിലേക്ക് കൊണ്ടുപോയി. കൈനാടി സർക്കാർ ആശുപത്രിയിൽ വച്ചാണ് പെൺകുട്ടി പ്രസവിച്ചത്. പിന്നീട് ആദിത്യനുമായി പെൺകുട്ടി പിണങ്ങി പിരിയുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ സഹോദരൻ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും ബാല വിവാഹനിരോധന നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തത്. നിയമാനുസൃതമല്ലാത്ത വിവാഹത്തിന് കൂട്ടുനിൽക്കുകയും രക്ഷാകർതൃത്വത്തിൽനിന്നു മനഃപുർവം ഒഴിവാകണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പെൺകുട്ടിയെ യുവാവിനൊപ്പം അയച്ചതിനുമാണ് അമ്മയ്ക്കെതിരെ കേസ്.