തിരുവനന്തപുരം: സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്യൂണൈസേഷൻ ഇന്ന്. സംസ്ഥാനതല ഉദ്ഘാടനം രാവിലെ പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. അഞ്ച് വയസിന് താഴെയുള്ള 23,28,258 കുട്ടികൾക്കാകും പൾസ് പോളിയോ ഇമ്യൂണൈഷൻ നൽകുക.
സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. 23,471 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് സമയം.
ഇന്ന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ഭവന സന്ദർശന വേളയിൽ തുള്ളിമരുന്ന് നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടികൾക്ക് അംഗവൈകല്യത്തിന് കാരണമാകുന്ന രോഗമാണ് പോളിയോ. ഇന്ത്യയിൽ 2011-ന് ശേഷം പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല.