അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരുടെ പേഴ്സനൽ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന കുക്കു എനോല നടൻ ബാലയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത്.
ബാലയുടെ ഭാര്യമാരായി ജീവിച്ച അമൃത സുരേഷിനെയും എലിസബത്ത് ഉദയനെയും ബാല അതിക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് കുക്കു പറയുന്നു. ബാലയ്ക്കൊപ്പമുള്ള ജീവിതം സഹികെട്ട വേളയിൽ എലിസബത്ത് അമൃതയുമായി ഫോണിൽ സംസാരിച്ചത് താൻ കേൾക്കാനിടയായെന്നും ബാല പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് അമൃതയെയും എലിസബത്തിനെയും നിർബന്ധിച്ചിട്ടുണ്ടെന്നും കുക്കു പറഞ്ഞു.
‘അമൃതയെ വിവാഹം കഴിച്ചു കൊണ്ട് പോയതിനു ശേഷം വീട്ടിൽ പ്രേതബാധയുണ്ടെന്നു പറഞ്ഞ് പേടിപ്പിച്ച് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. വിവാഹശേഷം അമൃതയുടെ ഫോൺ നശിപ്പിക്കുകയും വീട്ടുകാരുമായുള്ള ബന്ധം നിർത്തലാക്കുകയും ചെയ്തു. കൂട്ടുകാരെ വീട്ടിലേക്കു വിളിച്ചു വരുത്തി മദ്യപിച്ച് അമൃതയെക്കൊണ്ട് അവർക്ക് ഭക്ഷണം ഉണ്ടാക്കി നൽകി, എച്ചിൽ പാത്രം കഴുകിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തു. പ്രതികരിച്ചപ്പോഴൊക്കെ പട്ടിയെ തല്ലുന്നതുപോലെ തല്ലി ചോര വരുത്തി. അൺനാച്വറൽ സെക്സ്, മാരിറ്റൽ റേപ്പ്, സെക്ഷ്വൽ അബ്യൂസ് എന്നിവ അമൃതയ്ക്ക് നേരെയുണ്ടായി. ഇതേ അനുഭവം എലിസബത്തിനുമുണ്ട്.
എലിസബത്തിനും ഇത്തരത്തിലുള്ള അനുഭവങ്ങളാണ് നേരിട്ടതെന്ന് എലിസബത്ത് തന്നെ അമൃതയെ ഫോൺ വിളിച്ചു പറഞ്ഞിട്ടുണ്ട്. പ്രതികരിക്കാൻ ശേഷിയില്ലാത്ത പാവപ്പെട്ട പെൺകുട്ടികളെയാണ് ബാല വിവാഹം കഴിക്കുന്നത്. മകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കരഞ്ഞു പറയുന്ന ബാലയ്ക്ക് മകളോട് യാതൊരു സ്നേഹവുമില്ല. അവൾക്കിതുവരെ ഒരു സമ്മാനം പോലും വാങ്ങി നൽകിയിട്ടില്ല. മകളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അമൃത തന്നെയാണ്. ബാലയ്ക്കൊപ്പം ജീവിച്ച ആരും പേടി മൂലം അയാളെക്കുറിച്ച് സംസാരിക്കില്ല. ക്രൂരനായ മനുഷ്യനാണയാള്. മകളെ സ്നേഹിക്കുന്ന അച്ഛനോ ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവോ അല്ല. മീഡിയയ്ക്കു മുന്നിൽ അഭിനയിക്കുകയാണ് ബാല.
എലിസബത്തും അമൃതയും ഒരുമിച്ചിറങ്ങിയാൽ ബാല ജയിലിൽ പോകും. ഭാര്യയുടെ കിടപ്പറയിലെ വിഡിയോ പകർത്തി പുറത്തുവിടുമെന്ന് ഏതെങ്കിലും ഭർത്താവ് ഭീഷണിപ്പെടുത്തോ? ഇതെല്ലാം കേട്ടത് അമൃതയും എലിസബത്തും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. ഇതൊക്കെ തുറന്നു പറയുന്നതുകൊണ്ട് എനിക്കോ അമൃതയ്ക്കോ എലിസബത്തിനോ അവരുടെ കുടുംബങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി ബാല ആയിരിക്കും’, കുക്കു പറഞ്ഞു.
കുക്കു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായി. നിരവധി പേരാണ് ബാലയ്ക്കെതിരെ പ്രതികരണങ്ങളുമായി എത്തുന്നത്. കുക്കുവിന്റെ വിഡിയോ അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി ഷെയർ ചെയ്തിട്ടുണ്ട്.