ഇന്നും ശ്രീമൂലസ്ഥാനത്ത്‌ ശിവലിംഗം പിളർന്ന രീതിയിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.

ഈ വാർത്ത ഷെയർ ചെയ്യാം

ലോകത്തിലെ ഏറ്റവും വലുതും മനോഹരവുമായ ശിവലിംഗം സ്ഥിതി ചെയ്യുന്ന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുമാന്ധാംകുന്ന്പൂരം 2024 മാർച്ച് 17 മുതൽ ആരംഭിക്കും. 11 ദിവസം നീണ്ടു നിൽക്കുന്ന തിരുമാന്ധാംകുന്ന് പൂരം മലപ്പുറത്തെ ഏറ്റവും വലിയ ക്ഷേത്രാഘോഷങ്ങളിൽ ഒന്നാണ്.

എല്ലാ വർഷവും മീനമാസത്തിലെ മകീര്യം നാളിലാണ് തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് ആരംഭിക്കുന്നത്. ഇത്തവണത്തെ മീനമാസത്തിൽ രണ്ടു മകീര്യം നാളുകൾ ആണ് വരുന്നത്. മാർച്ച് 17നും ഏപ്രിൽ 13നും. ഇതിൽ ഏപ്രില്‍ പതിമൂന്നിലേത് സംക്രമം ആയതിനാൽ അതൊഴിവാക്കി ആദ്യ മകീര്യമായ മാർച്ച് 17-ന് പൂരം പുറപ്പാട് നടത്താൻ തന്ത്രിയുടെയും ജോത്സ്യന്റേയും നിർദ്ദേശപ്രകാരം നിശ്ചയിക്കുകയായിരുന്നു.

തിരുമാന്ധാംകുന്ന് ക്ഷേത്രം ഭദ്രകാളിയെ മുഖ്യപ്രതിഷ്ഠയായി ആരാധിക്കുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് മലപ്പുറം അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം. ഭദ്രകാളിക്കൊപ്പം തന്നെ തുല്യപ്രാധാന്യത്തോടെ ഇവിടെ പരമശിവനെയും ആരാധിക്കുന്നുണ്ട്. തിരുമാന്ധാംകുന്നിലമ്മ എന്നാണ് ഇവിടുത്തെ പ്രതിഷ്ഠയെ വിശ്വാസികൾ വിളിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ ഭദ്രകാളി പ്രതിഷ്ഠ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണുള്ളത്.

വള്ളുവനാട്ടുകാരുടെ പരദേവതയായാണ് കാലങ്ങളായി തിരുമാന്ധാംകുന്നു ഭഗവതി ആരാധിക്കുന്നത്. ബാംഗ്ലൂരിൽ നിന്ന് ഇതിലും കുറഞ്ഞ ചെലവിൽ പോകാനാവില്ല! മധുരയും കന്യാകുമാരിയും കാണാൻ ബജറ്റ് ടൂർ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭദ്രകളി ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ലോകത്തിലെ ഏറ്റവും വലുതും മനോഹരവുമായ ശിവലിംഗമാണ് സ്ഥിതി ചെയ്യുന്നതെന്നും വിശ്വസിക്കപ്പെടുന്നു. ഇതിനു പിന്നിൽ വലിയ വിശ്വാസങ്ങളും ഐതിഹ്യവുമുണ്ട്.

സൂര്യവംശത്തിലെ രാജാവായിരുന്ന മാന്ധാതാവ്‌ തന്റെ പദവി ഉപേക്ഷിച്ച് ഒരു സന്യാസിയായി മാറി. ഒരിക്കൽ ഇന്നു ക്ഷേത്രമിരിക്കുന്ന സ്ഥാനത്തെത്തി അദ്ദേഹം ശിവനെ സപസ്സുചെയ്ത് സംപ്രീതനാക്കി. എന്താണ് വരമായി വേണ്ടതെന്ന ശിവന്‍റെ ചോദ്യത്തിന് ലോകത്തിലെ ഏറ്റവും വലിയതും മനോഹരവുമായ ശിവലിംഗം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇത് പാർവ്വതി ദേവിയുടെ കൈയ്യിലാണെന്നു ശിവനറിയാമെങ്കിലും വാക്കുപാലിക്കാനായി ഒടുവിൽ ആ വിഗ്രഹം മാന്ധാതാവ്‌ മഹർഷിക്കു നല്കി.

പിറ്റേന്ന് പൂജയ്ക്കായി ശിവലിംഗം അന്വേഷിച്ച ദേവി സംഭവം മനസ്സിലാക്കി. ദേവിയുടെ കോപത്തിൽ നിന്നും ഭദ്രകാളി വരികയും ഒപ്പം ശിവന്റെ ഭൂതഗണങ്ങളും ചേർന്ന് മഹർഷിയുടെ അടുക്കലേക്ക് ശിവലിംഗം തിരികെ എടുക്കാനായി പോയി.

തുടര്‍ന്ന് ശിവഗണങ്ങളും മഹർഷിയുടെ ശിഷ്യന്മാരും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടന്നു. ഒടുവിൽ ബലമായി ശിവലിംഗം എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ആ വടം വലിയിൽ ജ്യോതിർലിംഗം രണ്ടായി പിളർന്നുപോയി. അങ്ങനെ മഹർഷിയുടെ ഭക്തി മനസ്സി്ലായ മഹാവിഷ്ണുവും ബ്രഹ്മാവും ശിവപാർവതിമാരും പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അനുഗ്രഹിച്ചുവെന്നാണ് വിശ്വാസം.ഇന്നും ശ്രീമൂലസ്ഥാനത്ത്‌ ശിവലിംഗം പിളർന്ന രീതിയിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.

വള്ളുവനാടിന്റെ ദേശീയോത്സവം എന്നാണ് തിരുമാന്ധാംകുന്നിലെ പൂരം അറിയപ്പെടുന്നത്. നാടൊട്ടുക്കും നിന്ന് വിശ്വാസികളും ആളുകളും ഇതിൽ പങ്കെടുക്കാനായി എത്തുന്നു. പണ്ടുകാലത്തെ പേരുകേട്ട മാമാങ്കത്തിന് ബദലായി ആരംഭിച്ചതാണ് തിരുമാന്ധാംകുന്ന് പൂരം എന്നാണ് ചരിത്രം പറയുന്നത്.

ഇവിടെ ഭഗവതിക്കും ഭഗവാനും ഒരേസമയത്ത് ഉത്സവചടങ്ങുകൾ നടക്കുന്നു. ഭഗവതിക്ക് പടഹാദി, ധ്വജാദി, അങ്കുരാദി എന്നിങ്ങനെ മൂന്ന് വിധത്തിൽ പതിനൊന്ന് ദിവസവും, ഭഗവാന് ധ്വജാദി മുറയിൽ ആറ് ദിവസവുമാണ് ഉത്സവം നടക്കുക.

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാല്‍ ആഗ്രഹങ്ങളും പ്രാർത്ഥനകളും സഫലമാക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് വിശ്വാസികൾക്ക് തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം. തടസ്സങ്ങൾ നീങ്ങി വിവാഹം മംഗളമായി നടക്കുവാനും കുടുംബ പ്രശ്നങ്ങൾ പരിഹാരിക്കപ്പെടാവും ജീവിതത്തിലെ ദുഃഖവും ദുരിതങ്ങളും മാറാനും ഇവിടെ വന്ന് പ്രാർത്ഥിക്കുന്നവർ നിരവധിയാണ്. ഗണപതിക്കാണ് ഇവിടെ മംഗല്യപൂജ നടത്തുന്നത്.

കടപ്പാട് : മലയാളം നേറ്റീവ് പ്ലാനറ്റ്


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!