ഈ വാർത്ത ഷെയർ ചെയ്യാം

പത്തനംതിട്ട : കുംഭമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്‌ത ക്ഷേത്ര നട നാളെ (13.02.2024) വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ മഹേഷ് നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിയിക്കും. ശേഷം ഗണപതി, നാഗർ എന്നീ ഉപദേവത ക്ഷേത്ര നടകളും മേൽശാന്തി തുറന്ന് വിളക്കുകൾ തെളിയിക്കും.

പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകർന്ന് കഴിഞ്ഞാൽ ഭക്തർക്ക് പതിനെട്ട് പടികൾ കയറി ദർശനം നടത്താനാകും. ശ്രീകോവിലിന് മുന്നിലായി നിൽക്കുന്ന അയ്യപ്പ ഭക്തർക്ക് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്യും. മാളികപ്പുറം മേൽശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപങ്ങൾ തെളിക്കും.

നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ രണ്ടിടങ്ങളിലും ഉണ്ടാവില്ല. രാത്രി 10 മണിക്ക് തിരുനട അടയ്ക്കും. കുംഭം ഒന്നായ ഫെബ്രുവരി 14ന് പുലർച്ചെ 5 മണിക്ക് തിരുനട തുറക്കും. തുടർന്ന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും.

5.30ന് ഗണപതി ഹോമം. രാവിലെ 5.30 മുതൽ 7 മണി വരെയും 9 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം നടക്കും. രാവിലെ 7.30 ന് ഉഷപൂജ, തുടർന്ന് ഉദയാസ്‌തമയ പൂജ. 12.30ന് ഉച്ചപൂജ കഴിഞ്ഞ് ഒരു മണിക്ക് നട അടയ്ക്കും.

വൈകുന്നേരം 5 മണിക്ക് തുറക്കുന്ന നട രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. നട തുറന്നിരിക്കുന്ന 14-ാം തീയതി മുതൽ 18 വരെ എല്ലാ ദിവസവും ഉദയാസ്‌തമയ പൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പുഷ്‌പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 18ന് രാത്രി കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടയ്ക്കും. ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് വെർച്വൽ ക്യു ബുക്കിങ് ടിക്കറ്റ് നിർബന്ധമാണ്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!