ഗോഡൗണില്‍ പൊലീസ് റെയ്ഡ്.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം: തൃപ്പുണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിന്‍റെ വെടിക്കെട്ടിനായി എത്തിച്ച പടക്കങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിന് പിന്നാലെ കരാറുകാരന്‍റെ ഗോഡൗണില്‍ പൊലീസ് റെയ്ഡ്.

തൃപ്പൂണിത്തുറയില്‍ വെടിക്കെട്ടിനായി കരാറെടുത്ത തിരുവനന്തപുരം സ്വദേശിയുടെ ഗോഡൗണിലാണ് പരിശോധന നടന്നത്.

പോത്തൻ കോട് ശാസ്തവട്ടം മടവൂര്‍പാറയിലെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടി. ഗോഡൗണിന് സമീപത്തെ ആളൊഴിഞ്ഞ പുരിയിടത്തില്‍ വലിയ ഗുണ്ടുകളും കണ്ടെത്തി.

തൃപ്പൂണിത്തുറയില്‍ പടക്കം പൊട്ടിക്കുന്നതിന് കരാര്‍ എടുത്തിട്ടുള്ള ശാസ്തവട്ടം സ്വദേശി ആദര്‍ശന്‍റെ ഗോഡൗണില്‍ പോത്തൻകോട് പൊലീസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ഗോഡൗണിലെ പരിശോധനയ്ക്ക് പുറമെ ആദര്‍ശ് വാടകക്കെടുത്ത കാട്ടായികോണത്തെ മറ്റൊരു വീട്ടിലും വലിയ രീതിയില്‍ സ്ഫോടക വസ്തുക്കളുടെ ശേഖരം പൊലീസ് കണ്ടെത്തി.

പൊട്ടിത്തെറി നടന്ന ഉടൻ ഗോഡൗല്‍ണില്‍ നിന്നും വലിയ തോതില്‍ സാധനങ്ങള്‍ മാറ്റിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ, തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തില്‍ പൊലീസ് കേസെടുത്തു. സംഭവുമായി ബന്ധപ്പെട്ട് കേസെടുത്ത തൃപ്പൂണിത്തുറ പൊലീസ് പുതിയകാവ് അമ്പല കമ്മിറ്റി ഭാരവാഹികളായ നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.

മനപ്പൂര്‍വം അല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിലെ പ്രധാന പ്രതികളായ കരാറുകാരും ജോലിക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. അമ്പല കമ്മിറ്റിയിലെ മറ്റു ഭാരവാഹികള്‍ ഒളിവിലാണ്. വെടിക്കെട്ട് നടത്താൻ കരാറെടുത്ത കരാറുകാരൻ ഉള്‍പ്പെടെ ചികിത്സയിലായതിനാല്‍ ഇവരില്‍നിന്നും വിവരങ്ങള്‍ തേടാനായിട്ടില്ല.

പുതിയകാവ് ക്ഷേത്രോത്സവത്തിന്‍റെ നടത്തിപ്പുകാരായ വടക്കുംപുറം കരയോഗത്തിലെയും തെക്കുംപുറം കരയോഗത്തിലേയും അമ്പല കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയാണ് പൊലീസ് മനപൂര്‍വം അല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരിക്കുന്നത്. പുതിയകാവ് ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്തുന്നതിന് അമ്പലക്കമ്മിറ്റിക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും അനധികൃതമായാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!