ചിറയിൻകീഴ് : പ്രസിദ്ധമായ ശാർക്കര ദേവീക്ഷേത്രത്തിലെ പതിനായിരങ്ങൾ അണിനിരക്കുന്ന പൊങ്കാല നാളെ രാവിലെ 9.30 ന് വടക്കേനടയിൽ പണ്ടാരയടുപ്പിൽ മേൽശാന്തി വഅഗ്നി പകരുന്നതോടെയാണു തുടക്കമാകുന്നത്.
11.45 നു പൊങ്കാല നിവേദ്യചടങ്ങുകൾക്കു അൻപതോളം പൂജാരിമാർ കാർമികത്വം വഹിക്കും. തിരക്കു പ്രമാണിച്ച് ഇന്നും നാളെയും ക്ഷേത്രദർശനത്തിനെത്തുന്നവർ വടക്കേനടയിലൂടെ ശ്രീകോവിലിൽ പ്രവേശിച്ചു കിഴക്കും തെക്കും നടവഴികളിലൂടെ പുറത്തിറങ്ങണം.
എഴുപത്തി അയ്യായിരത്തോളം പൊങ്കാല അടുപ്പുകൾ ഉപദേശകസമിതി ഭക്തർക്കായി പറമ്പിൽ സജ്ജമാക്കി. പൊങ്കാലയ്ക്കുള്ള അടുപ്പൊരുക്കൽ വെള്ളിയാഴ്ച രാവിലെ ക്ഷേത്ര മേൽശാന്തിയുടെ നേതൃത്വത്തിൽ ആരംഭം കുറിച്ചിരുന്നു.
കെഎസ്ആർടിസി ആറ്റിങ്ങൽ, കിളിമാനൂർ, കണിയാപുരം, നെടുമങ്ങാട്, തിരുവനന്തപുരം ഡിപ്പോകളിൽനിന്നു വർക്കല, പോത്തൻകോട്, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ നിന്നും സർവീസ് നടത്തും.
പൊങ്കാല സമർപ്പണത്തിനെത്തുന്നവർക്ക് അടുപ്പു കൂട്ടുന്നതിന് ഇഷ്ടിക, കുടിവെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തിരുവിതാംകൂർ ദേവസ്വം ബോർഡും ഉപദേശക സമിതിയും ചേർന്നാണൊരുക്കുന്നത്. ശാർക്കര പൊങ്കാലയോടനുബന്ധിച്ച് ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗംകൂടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ഇന്ന് രാവിലെ മുതൽ തന്നെ ശാർക്കര സന്നിധാനത്തിലേക്ക് ഭക്തരുടെ ഒഴുക്കാണ്.പോകാല അടുപ്പികൾ മിക്കവയും ഭക്തർ തങ്ങളുടെ പേരെഴുതി മാറ്റിക്കഴിഞ്ഞു.