ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന സ്വീകരിക്കാതിരുന്ന പാർട്ടി സിപിഎം മാത്രമാണ്.

ഈ വാർത്ത ഷെയർ ചെയ്യാം

ഡൽഹി : ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടന വിരുദ്ധമാണെന്ന സുപ്രീം കോടതി വിധി നരേന്ദ്ര മോദി സര്‍ക്കാറിനും ബി ജെ പിക്കും കനത്ത തിരിച്ചടിയെന്ന് നിരീക്ഷണം. കോര്‍പറേറ്റ്- ഭരണകൂട അവിഹിത ബന്ധത്തിന് നിയമപ്രാബല്യം നല്‍കുന്ന ഇല്ക്ടറല്‍ ബോണ്ടുകള്‍, ബിജെപിയെന്ന പാര്‍ട്ടിയുടെ സൗകര്യത്തിനുവേണ്ടി ഉണ്ടാക്കിയെടുത്തതാണെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇലക്ടറല്‍ ബോണ്ടുകളുടെ ആനുകൂല്യം ബിജെപിയ്ക്ക് ലഭിക്കുമോയെന്ന ആശങ്കയ്ക്കിടെയാണ് സുപ്രീം കോടതി മോദി സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കി ഇലക്ടറര്‍ ബോണ്ട് പദ്ധതി ഭരണഘടന വിരുദ്ധമെന്ന പ്രഖ്യാപിച്ചിരിക്കുന്നത്.

ആറ് വര്‍ഷത്തിനുശേഷമാണ് കോടതി തീരുമാനത്തിലെത്തുന്നത്.

2017 ല്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് പ്രസംഗത്തിലൂടെയാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിയെക്കുറിച്ച് ആദ്യ പരാമര്‍ശം നടത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടുന്ന സംഭാവന സുതാര്യമാക്കണമെന്നൊക്കെ പറഞ്ഞായിരുന്നു അദ്ദേഹം പദ്ധതിയെക്കുറിച്ച് പരമാര്‍ശിച്ചത്.

നാല് നിയമങ്ങളാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിയ്ക്കുവേണ്ടി ഭേദഗതി ചെയ്തത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട്, റപ്രസേന്റേഷന്‍ ഓഫ് പിപ്പീള്‍സ് ആക്ട്, ഇന്‍കം ടാക്‌സ് ആക്ട്, കംപനീസ് ആക്ട് എന്നിവ ഭേദഗതി ചെയ്തായിരുന്നു പദ്ധതി കൊണ്ടുവന്നത്.2018 ജനുവരിയിലാണ് ഒരു ഉത്തരവിലൂടെ സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ആരംഭിച്ചത്.

ഇലക്ടറല്‍ ബോണ്ടുകള്‍ ഒരു പ്രോമിസറി നോട്ടാണെന്ന് പറയാം. എന്നാല്‍ അതില്‍ ആരാണ് വാങ്ങിക്കുന്നതെന്നോ പണം നല്‍കുന്നതെന്നോ പറയേണ്ടതില്ല. അതായത് പണം നല്‍കുന്ന കമ്പനിയുടെ പേര് പുറത്ത് ലഭ്യമാകില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചില പ്രത്യേക ശാഖകളിലൂടെ ഇന്ത്യക്കാരനായ വ്യക്തിയ്‌ക്കോ, കമ്പനികള്‍ക്കോ, തനിച്ചോ കൂട്ടായോ ബോണ്ടുകള്‍ വാങ്ങാം. ഇതായിരുന്നു വ്യവസ്ഥ.

അവസാന തിരഞ്ഞെടുപ്പില്‍ ഒരു ശതമാനം വോട്ട് ലഭിച്ച ഏത് പാര്‍ട്ടിയുടെ പേരിലും ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാം. ഇത് 15 ദിവസത്തിനുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണമായി മാറ്റാം.

സിപിഎമ്മും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ്, കോമൺ കോസ്, കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍ എന്നിവരാണ് ഇതിനെതിരെ ആദ്യം രംഗത്തുവന്നത്. തിരഞ്ഞെടുപ്പ് അഴിമതി സ്ഥാപന വല്‍ക്കരിക്കുകയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സംഭവിക്കുന്നതെന്നതായിരുന്നു അവരുടെ ആരോപണം.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന എത്രയെന്ന് പരസ്യമായി വെളിപ്പെടുത്താതത് വോട്ടര്‍മാരുടെ അറിയാനുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഇത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിങിനെ കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുകയാണ് ചെയ്തതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തിലും പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ അറിയിച്ചിരുന്നു.

ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ബിജെപിയായിരുന്നു. 2022 -23 ല്‍ മാത്രം ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിയ്ക്ക് ലഭിച്ചത് 1300 കോടി രൂപയായിരുന്നു.

മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ലഭിച്ചതിനെക്കാള്‍ ഏഴിരട്ടിയായിരുന്നു അത്. ബിജെപിയ്ക്ക് ആകെ ലഭിച്ച സംഭാവനയില്‍ 61 ശതമാനവും ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയായിരുന്നു.2021-22 ല്‍ ബിജെപിയ്ക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിച്ചത് 1775 കോടി രൂപയായിരുന്നു.

ഇന്ത്യയിലെ പ്രമുഖ പാർട്ടികളിൽ ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന സ്വീകരിക്കാതിരുന്ന പാർട്ടി സിപിഎം മാത്രമാണ്.

കോണ്‍ഗ്രസിന് 2022-23 ല്‍ ലഭിച്ചത് 171 കോടി രൂപ മാത്രമായിരുന്നു. എസ്ബിഐ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ ഉടന്‍ പരസ്യപ്പെടുത്തണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 13 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശമുണ്ട്.ബിജെപിയ്ക്ക് വലിയ തിരിച്ചടി നല്‍കിയ ഒരു വിധിയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!