വയനാട്ടിൽ കാട്ടാനയുടെ ആക്രമത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഇന്നലെ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ പൊതുദർശനത്തിന് വെച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. വനംവകുപ്പിന്റെ ജീപ്പ് പ്രതിഷേധക്കാർ തകർന്നു. വാഹനത്തിലുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാർക്ക് നേരെയും നാട്ടുകാർ പ്രതിഷേധിച്ചു. ജീപ്പ് കടത്തിവിടാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ജീപ്പിന് നേരെ ആക്രമണം നടത്തിയത്. ജീപ്പ് മറിച്ചിടാനും ശ്രമം നടത്തിയിരുന്നു. ജീപ്പിന്‍റെ കാറ്റഴിച്ചുവിട്ടും ഷീറ്റുകള്‍ വലിച്ചുകീറിയുമാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
കടുവയുടെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡവും പുല്‍പ്പള്ളിയില്‍ എത്തിച്ചും പ്രതിഷേധം നടത്തി. ട്രാക്ടറിൽ എത്തിച്ച പശുവിന്റെ ജഡം വനം വകുപ്പിന്‍റെ ജീപ്പിന് മുകളില്‍ കയറ്റിവെക്കുകയും ചെയ്തു. വനംവകുപ്പിന്‍റെ ജീപ്പില്‍ റീത്തും നാട്ടുകാര്‍ വെച്ചിരുന്നു. വയനാട് കേണിച്ചിറയിലാണ് കടുവയുടെ ആക്രമണത്തില്‍ പശു ചത്തത്.വാഴയിൽ ഗ്രേറ്ററിൻ്റെ പശുവിനെയാണ് കടുവ കൊന്നത്. വീടിന് സമീപം കെട്ടിയ പശുവിനെയാണ് കൊന്നത്.