മാര്‍ച്ച് 10നു മുമ്പായി 50% സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

ഈ വാർത്ത ഷെയർ ചെയ്യാം

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പട്ടിക പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവര്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 28 വനിതാ സ്ഥാനാര്‍ഥികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. 40 യുവാക്കള്‍ മത്സരംഗത്തുണ്ട്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ്, പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താമെന്നാണു ബിജെപിയുടെ കണക്കുക്കൂട്ടല്‍. ആദ്യ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം മണിക്കൂറുകള്‍ നീണ്ടിരുന്നു. യോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, മധ്യപ്രദേശ് മുഖമന്ത്രി മോഹന്‍ യാദവ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

ആന്ധ്രാപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെ സഖ്യകക്ഷികളുമായി നടക്കുന്ന ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. മാര്‍ച്ച് 10നു മുമ്പായി 50% സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 2019ലും ഇതേ തന്ത്രമാണ് ബിജെപി പയറ്റിയത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ് 164 സ്ഥാനാര്‍ഥികളെയാണ് അന്നു പ്രഖ്യാപിച്ചത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!