അതുല്യ നടന്‍ കലാഭവന്‍ മണി വേര്‍പിരിഞ്ഞിട്ട് എട്ട് വര്‍ഷം തികഞ്ഞിരിക്കുകയാണ്. മറഞ്ഞു പോയെങ്കിലും മണിയുടെ പാട്ടുകളോ സിനിമകളോ ഇല്ലാത്ത ഒരു ദിവസം പോലും മലയാളിക്കുണ്ടാകില്ല.
സാധാരണക്കാരനിൽ സാധാരണക്കാരനായ ആ അതുല്യകലാകാരന്‍റെ അകാലത്തിലുള്ള വേർപാട് ഓർക്കുമ്പോൾ ഇന്നും മനസ്സിൽ വേദനയുടെ കനലെരിയുന്നതായി ജേർണൽ ന്യൂസ് സി എം ഡി ഉമേഷ് കുമാർ. തൻേറതായ അസാധാരണകഴിവുകൾ കൊണ്ടു മാത്രം മലയാളസിനിമയിലും മലയാളികളുടെ മനസ്സിലും ഇടം നേടാൻ കഴിഞ്ഞ കലാഭവൻ മണി.ഇനിയൊരു ജന്മമുണ്ടങ്കിൽ ഈ സ്നേഹഭൂമിയിൽ ഇനിയും മണി ജനിക്കട്ടെ….ഓർമ്മപ്പൂക്കൾ അർപ്പിക്കുന്നതായി ഉമേഷ് കുമാർ അറിയിച്ചു.
ആടിയും പാടിയും മലയാളികളുടെ മനസില്‍ ചേക്കേറിയ കലാഭവൻ മണിയുടെ വേര്‍പാട് ഇന്നും തീരാനഷ്ടമാണ്. മണിയെപ്പോലെ മണിയല്ലാതെ മറ്റാര്? അവസാനം അഭിനയിച്ച ചിത്രത്തിന്റെ പേരുപോലെതന്നെ യാത്ര ചോദിക്കാതെയായിരുന്നു മണിയുടെ മടക്കവും. മലയാളികളെ സംബന്ധിച്ച് മാർച്ചിലെ തീരാ നഷ്ടം. 2016 മാർച്ച് ആറിനായിരുന്നു സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടുള്ള മണിയുടെ വിയോഗം.
മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. നാടൻ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തു വച്ചു.
വിസ്മൃതിയിലേക്കാണ്ടുപോയ നാടന്‍പാട്ടെന്ന കലയെ ഇത്രമേല്‍ ജനപ്രിയമാക്കിയ മറ്റൊരു മലയാളിയുണ്ടാകില്ല. പാട്ടുപോലെതന്നെ ചടുലമായിരുന്നു മണിയെന്ന കലാകാരന്‍റെ ജീവിതവും. മണി എന്നുമൊരു ആഘോഷമായിരുന്നു. ഇല്ലായ്മകളില്‍നിന്ന് പോരാടുന്ന ഓരോ മലയാളിയുടെയും മുന്നില്‍വച്ച ബഹുമുഖങ്ങളുള്ള കണ്ണാടി. പഠനത്തിൽ പിന്നോക്കക്കാരനായപ്പോഴും പഠനമൊഴികെയുള്ള എല്ലാ വിഷയത്തിലും മുന്നിട്ടു നിന്ന വിദ്യാർത്ഥി. പത്താം ക്ലാസ്സിൽ പഠനം നിർത്തി തെങ്ങുകയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും ഓട്ടോറിക്ഷ ഡ്രൈവറായുമൊക്കെ ഉപജീവനം നടത്തിയ ഒരു സാധാരണക്കാരൻ. എന്നാൽ, പട്ടിണിയ്ക്കും പരിവട്ടങ്ങൾക്കുമൊപ്പം വളരുമ്പോഴും കെടാത്ത അഗ്നിപോലെ മനസ്സിൽ കലയോടുള്ള സ്നേഹം മനസ്സിൽ സൂക്ഷിച്ചവൻ. ആ ഇഷ്ടമാണ് മണിയെന്ന ചെറുപ്പക്കാരനെ കലാഭവന്റെ മിമിക്സ് ട്രൂപ്പിലെത്തിച്ചത്.
സൗന്ദര്യത്തിനു പ്രത്യക്ഷത്തിലും ജാതിവ്യവസ്ഥയ്ക്ക് പരോക്ഷമായും വേരുകളുണ്ടായിരുന്ന മലയാള സിനിമാലോകത്ത് നായകന്റെ എർത്തോ വീട്ടുവേലക്കാരനോ പാൽകാരനോ ചെത്തുകാരനോ ഒക്കെയായി ഒതുങ്ങിപ്പോയേക്കാവുന്ന സാധ്യതകൾ മാത്രമായിരുന്നു ആ ചെറുപ്പക്കാരനു മുന്നിലുണ്ടായിരുന്നത്. എന്നാൽ, പ്രതിഭയും നിഷ്‌കളങ്കമായ ചിരിയും സ്വതസിദ്ധമായ നർമ്മവും നാടൻപാട്ടുകളും കൊണ്ട് തന്റെ കഥാപാത്രങ്ങൾക്ക് കലാഭവൻ മണി ജീവൻ പകർന്നപ്പോൾ മലയാളികളുടെ സ്നേഹം നേടിയെടുക്കാൻ ആ കലാകാരനു കഴിഞ്ഞു. പ്രത്യേക താളത്തിലുള്ള ആ ചിരി മണിയെ ആബാലവൃദ്ധം ജനങ്ങൾക്കും പരിചിതനാക്കി.
‘അക്ഷരം’ എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള കലാഭവൻ മണിയുടെ അരങ്ങേറ്റം. ‘സല്ലാപം’ എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ ശ്രദ്ധേയനാക്കി. പിന്നെ, മണിയുടെ കാലമായിരുന്നു. പകരംവയ്ക്കാനില്ലാത്ത ഒരുപിടി കഥാപാത്രങ്ങള്‍. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, വാല്‍ക്കണ്ണാടി, കരടി, ബെന്‍ ജോണ്‍സണ്‍, അങ്ങനെ, നായകനായും പ്രതിനായകനായും സഹനടനായും മണി തിളങ്ങി. തെന്നിന്ത്യന്‍ സിനിമയില്‍ മണിക്ക് തുല്യം മണി മാത്രമായി.
2016 മാർച്ച് അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ ‘പാഡി’യിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഒടുവിൽ, പാതിവഴിയിലെവിടെയോ മുറിഞ്ഞു പോയ ഒരു നാടൻ പാട്ടു പോലെ ജീവിതത്തിൽ നിന്ന് ആ മനുഷ്യൻ മടങ്ങിയപ്പോൾ ചാലക്കുടി അക്ഷരാർത്ഥത്തിലൊരു ജനസാഗരമായിമാറി.