ഇവരെ കുറേക്കാലമായി പൂട്ടിയിട്ടിരിക്കുകയാണെന്നാണ് പൊലീസിന്റെ നിഗമനം.

ഈ വാർത്ത ഷെയർ ചെയ്യാം

കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം നടത്തിയെന്ന വെളിപ്പെടുത്തലില്‍ കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വീട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. മോഷണക്കേസ് പ്രതികളില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ പ്രതികളിലൊരാളായ വിഷ്ണുവിന്റെ വീട്ടില്‍ പൊലീസ് പരിശോധിച്ചപ്പോള്‍, വിഷ്ണുവിന്റെ അമ്മയെയും സഹോദരിയേയും പൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസാണ് ഇവരെ മോചിപ്പിച്ചത്. ഇവരെ കുറേക്കാലമായി പൂട്ടിയിട്ടിരിക്കുകയാണെന്നാണ് പൊലീസിന്റെ നിഗമനം.

മോഷണക്കേസില്‍ കൂടുതല്‍ തൊണ്ടി മുതലുകള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണ് പൊലീസ് വിഷ്ണുവിന്റെ വീട്ടിലെത്തുന്നത്. എന്നാല്‍ വീട്ടില്‍ ചില പൂജകളും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. വീടിന്റെ തറ ദീര്‍ഘ ചതുരാകൃതിയില്‍ കുഴിയെടുത്തതിന്റെയും, അവിടെ പുതുതായി കോണ്‍ക്രീറ്റ് ചെയ്തതായും കണ്ടെത്തി. മോഷണക്കേസില്‍ വിഷ്ണു, നിതീഷ് എന്നിവരാണ് കട്ടപ്പന പൊലീസിന്റെ പിടിയിലാകുന്നത്. പ്രതികളിലൊരാളായ നിതീഷ് പൂജാരി കൂടിയാണ്.

നിതീഷാണ് ആഭിചാരകര്‍മ്മങ്ങള്‍ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. വിഷ്ണുവിനും വീട്ടുകാര്‍ക്കുമൊപ്പമാണ് നിതീഷ് താമസിച്ചിരുന്നത്. വിഷ്ണുവിന്റെ വൃദ്ധനായ പിതാവിനെ കുറേക്കാലമായി കാണാതായിട്ടെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. സഹോദരിയുടെ നവജാത ശിശുവിനെയും കാണാതായിട്ടുണ്ട്. ഇവരെ കൊലപ്പെടുത്തി വീടിനകത്ത് കുഴിച്ചിട്ടതായാണ് പൊലീസിന്റെ വിലയിരുത്തല്‍. മണ്ണുമാറ്റാനുപയോഗിച്ച സാമഗ്രികളും മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

മോഷണക്കേസിൽ പിടിയിലായ യുവാക്കളിൽ പരുക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലും മറ്റൊരാൾ റിമാൻഡിലുമാണ്. നഗരത്തിൽ ഓക്സീലിയം സ്കൂൾ ജംക്‌ഷനു സമീപത്തെ വർക്‌ഷോപ്പിൽ പുലർച്ചെയാണ് വിഷ്ണുവും നിതീഷും മോഷണത്തിന് എത്തിയത്. യാദൃശ്ചികമായി സ്ഥലത്തെത്തിയ സ്ഥാപന ഉടമയുടെ മകനും സുഹൃത്തും അവരെ കണ്ടു. ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിക്കുകയായിരുന്ന വിഷ്ണുവിനെ ഇവർ തടയാൻ ശ്രമിച്ചു.

ഇവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതോടെ അടിപിടിയുണ്ടായി. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് പ്രവീണിനു പരുക്കേറ്റു. മതിൽ ചാടിക്കടന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാലിന് പരിക്കേറ്റ വിഷ്ണു പൊലീസിന്റെ പിടിയിലായി. കാലിനു പൊട്ടലുള്ളതിനാൽ വിഷ്ണുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ സഹായിയായി വർക്‌ഷോപ്പിനു പുറത്തുണ്ടായിരുന്ന രാജേഷ് എന്നു വിളിക്കുന്ന നിതീഷ് ഇതിനിടെ സ്ഥലത്തു നിന്നും കടന്നുകളഞ്ഞു. എന്നാൽ പൊലീസ് പിന്നീട് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!