മലയാള പത്രപ്രവർത്തന ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്കൂപ്പുകളിലൊന്നിൻ്റെ ഉടമയാണ് അന്തരിച്ച കേരള കൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ബി.സി.ജോജോ. മലയാള മാധ്യമ രംഗത്ത് അന്വേഷണാത്മ മാധ്യമ പ്രവർത്തനത്തിന് വ്യത്യസ്ത പാത കണ്ടെത്തിയ ധിഷണാശാലിയായിരുന്നു.
ശ്വാസകോശ അർബുദബാധത്തെ തുടർന്ന് അറുപത്തിയാറാം വയസിലാണ് അന്ത്യം. 1991-94 കാലത്തെ കരുണാകരൻ മന്ത്രിസഭയെ ഇളക്കിമറിച്ച പാമോയിൽ അഴിമതി പുറത്ത് കൊണ്ടുവന്നത് ജോജോ ആയിരുന്നു. 1
991-92 കാലഘട്ടത്തിൽ പവർ ആൻഡ് എനർജി ലിമിറ്റഡ് എന്ന മലേഷ്യൻ കമ്പനിയിൽ നിന്ന് ഒരു സിംഗപ്പൂർ കമ്പനിയെ ഇടനിലക്കാരാക്കി പാമോലിന്‍ ഇറക്കുമതി ചെയ്തതിലെ അഴിമതിയാണ് ജോജോ കേരളകൗമുദിയിലൂടെ പുറത്തു കൊണ്ടുവന്നത്.
അന്താരാഷ്ട്ര മാർക്കറ്റിൽ പാമോയിലിന്റെ വില ടണ്ണിനു 392.25 ഡോളറായിരുന്ന അക്കാലത്ത് ടണ്ണിന് 405 ഡോളർ എന്ന നിരക്കിൽ 15,000 ടൺ പാമോയിൽ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം സർക്കാരെടുത്തു. ഉത്തരവിന് അന്നത്തെ ക്യാബിനറ്റിന്റെ അംഗീകാരവും ഉണ്ടായിരുന്നു. ഈ ഇടപാടിൽ വൻ അഴിമതി ഉണ്ടെന്ന് കണ്ടെത്തിയ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ടിൻ്റെ ഉള്ളടക്കമാണ് ജോജോ കൗമുദിയിൽ അച്ചടിച്ചത്.
മുഖ്യമന്ത്രിയെ തന്നെ പ്രതിസ്ഥാനത്ത് നിർത്തിയ സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പേ ചോർന്നത് വൻ രാഷ്ട്രിയ ഭൂകമ്പമാണ് ഉണ്ടാക്കിയത്. ഇതിൻ്റെ പേരിൽ വിജിലൻസ് റജിസ്റ്റർ ചെയ്ത കേസ് ഇന്നും അവസാനിച്ചിട്ടില്ല.
1994 ഫെബ്രുവരി 15 ചൊവ്വാഴ്ച കേരളകൗമുദി പത്രത്തിൽ ജോജോയുടെ ബൈലൈനിൽ എട്ടുകോളം വാർത്ത – “പാമോയിൽ അഴിമതി, മുഖ്യമന്ത്രി കുറ്റക്കാരൻ: സിഎജി”. പൊതുഖജനാവിന് ആറരകോടിയോളം രൂപ നഷ്ടമുണ്ടാക്കിയ പാമോയിൽ ഇറക്കുമതി ഇടപാടിൽ മുഖ്യമന്ത്രി കെ.കരുണാകരൻ നിർണായക പങ്ക് വഹിച്ചതായി കംപ്ട്രോളർ ആൻ്റ് ഓഡിറ്റർ ജനറൽ കുറ്റപ്പെടുത്തിയിരിക്കുന്നു. സംസ്ഥാന ഗവർണറെ അദ്ദേഹം ഈ വിവരം ധരിപ്പിച്ചു കഴിഞ്ഞു”. ഇതായിരുന്നു പ്രധാന ഉള്ളടക്കം.
ജോജോയുടെ റിപ്പോർട്ട് സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ചു. ഈ വാർത്തയെ അടിസ്ഥാനമാക്കി അന്നേ ദിവസം തന്നെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. ഒപ്പം വാക്കൗട്ടും നടത്തി. (ഒമ്പതാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം). കെ.കരണാകരൻ്റെ രാജി ആവശ്യപ്പെട്ട് സിപിഎമ്മും പോഷക സംഘടനകളും പ്രക്ഷോഭവും പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി.
1994 ഫെബ്രുവരി 15ന് മുൻമന്ത്രി കടകംപള്ളിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി, പൊതുയോഗവും ചേർന്നു. പിണറായി സർക്കാരിനെതിരായ സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ 2019ൽ പുറത്തുവന്നപ്പോൾ, അത് ഭരണഘടനാ ലംഘനമാണെന്ന് പ്രഖ്യാപിച്ചത് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനായിരുന്നു. സിഎജി റിപ്പോർട്ട് മുൻനിർത്തി നിയമസഭയിലടക്കം ഇടതുമുന്നണി പ്രക്ഷോഭം കടുപ്പിച്ചപ്പോൾ പിണറായി വിജയൻ സിപിഎമ്മിൻ്റ നിയമസഭാകക്ഷി സെക്രട്ടറിയായിരുന്നു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മറ്റെല്ലാ പത്രങ്ങളും വാർത്തകൾ നൽകി, മുഖപ്രസംഗങ്ങൾ എഴുതി. എല്ലാ കോലാഹലങ്ങളും ജോജോ ചോർത്തിയടിച്ച സിഎജി റിപ്പോർട്ടിൻ്റെ പേരിലായിരുന്നു. പിന്നെയും ഏഴ് ദിവസം കഴിഞ്ഞാണ്, അതായത് 1994 ഫെബ്രുവരി 21നാണ് ധനകാര്യ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സിഎജി റിപ്പോർട്ട് നിയമസഭയിൽ വെച്ചത്. സിഎജി റിപ്പോർട്ട് ചോർത്തി വാർത്തയാക്കിയ മാധ്യമത്തെയോ ലേഖകനെയോ സിഎജിയെ പോലുമോ, അന്നത്തെ മുഖ്യമന്ത്രി കരുണാകരനോ, ഭരണകക്ഷിയായ കോൺഗ്രസോ അധിക്ഷേപിക്കുകയോ വിമർശിക്കുകയോ ചെയ്തില്ല. ഇക്കാര്യം ജോജോ പലപ്പോഴും അഭിമാനത്തോടെ പറയുമായിരുന്നു.
1957ൽ ഒന്നാം കേരള നിയമസഭയുടെ ബജറ്റ് ചോർത്തി പ്രസിദ്ധീകരിച്ച കെ.ബാലകൃഷ്ണന്‍റെ കൗമുദി ദിനപത്രത്തില്‍ വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പത്രാധിപർ കെ.ബാലകൃഷ്ണനും ലേഖകൻ ജി.വേണുഗോപാലിനുമെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുക്കുകയാണ് ഇഎംഎസ് സർക്കാർ ചെയ്തത്.
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒഫീഷ്യൽ സീക്രട്സ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തതും കമ്യൂണിസ്റ്റ് സർക്കാരായിരുന്നു. എന്നാൽ സിഎജി റിപ്പോർട്ട് ചോർത്തിയതിൻ്റെ പേരിൽ ജോജോയ്ക്കോ കൗമുദിക്കോ എതിരെ നിയമപരമോ അല്ലാത്തതോ ആയ ഒരു നടപടിക്കും കരുണാകരൻ സർക്കാർ തുനിഞ്ഞില്ല.
പാമോയിൽ അഴിമതി പുറത്തു കൊണ്ടുവന്നത് പോലെ, മുല്ലപ്പെരിയാർ കരാറിലെ വീഴ്ചകൾ പുറത്തെത്തിച്ചതും ജോജോ ആയിരുന്നു. 1996ലെ നായനാർ മന്ത്രിസഭയിലെ ജലസേചന മന്ത്രിയായിരുന്ന ബേബിജോണിൻ്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞുള്ള റിപ്പോർട്ടുകളാണ് ജോജോ കൗമുദിയിലൂടെ പുറത്തുവിട്ടത്. മുല്ലപ്പെരിയാര്‍ കരാറിന് നിമയസാധുത ഇല്ലെന്ന റിപ്പോര്‍ട്ടും കേരളകൗമുദിയാണ് കൊണ്ടുവന്നത്. റിപ്പോര്‍ട്ട് പരിശോധിക്കാന്‍ കേരള നിയമസഭ നിയമിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ കണ്ടെത്തലും വാർത്തകൾ ശരിവയ്ക്കുന്നതായിരുന്നു.