തലസ്ഥാനത്ത് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പി ജി സീനിയർ റസിഡന്റ് ഡോ. അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ടാണ് പോകുന്നതെന്നുമാണ് കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പി ജി സീനിയർ റസിഡന്റായ അഭിരാമിയെ പിടി ചാക്കോ നഗറിലെ വീട്ടിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതി അനസ്തേഷ്യ മരുന്ന് ഓവർ ഡോസായി കുത്തിവച്ച് മരിച്ചതായാണ് വിവരം. പിജി പഠനം പൂർത്തിയാക്കിയ അഭിരാമി ഒരു വർഷത്തെ ബോണ്ട് കാലയളവിലായിരുന്നു. തിങ്കളാഴ്ച രാത്രിയും കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു.
ഇന്നലെ റൂമിലെ സഹ താമസക്കാരി എത്തിയപ്പോഴാണ് മുറി അകത്തുനിന്ന് പൂട്ടിയത് ശ്രദ്ധയിൽപ്പെട്ടത്. തട്ടി വിളിച്ചിട്ടും മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് വീട്ടുടമസ്ഥരെ വിളിച്ചുവരുത്തി വാതിൽ പൊളിച്ച് കയറിയപ്പോഴാണ് അഭിരാമിയെ കട്ടിലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ യുവതി മരിച്ചിരുന്നുവെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം വെള്ളനാട് ഗവ.എച്ച്.എച്ച്.എസിന് സമീപം അഭിരാമത്തിൽ റിട്ട.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ബാലകൃഷ്ണന്റെയും രമാദേവിയുടെയും ഏക മകളാണ്. നാലുമാസം മുമ്പായിരുന്നു വിവാഹം. ഭർത്താവ് കൊല്ലം രാമൻകുളങ്ങര സ്വദേശി പ്രതീഷ് മുംബയിൽ ഇ.എസ്.ഐ ആശുപത്രി ഡോക്ടറാണ്.