പൊതുജന ആവശ്യം മുൻനിറുത്തി ഇക്കാര്യത്തില്‍ സർക്കാറിന്‍റെ അടിയന്തര ശ്രദ്ധ പതിയണമെന്നും ആധാരമെഴുത്തുകാർ ആവശ്യപ്പെട്ടു.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം രൂക്ഷമായി തുടരുന്നു. 50, 100, 200 രൂപകളുടെ മുദ്രപത്രങ്ങൾക്കാണ് ക്ഷാമം.

ട്രഷറിയിലുള്ള സ്റ്റാമ്പ് ഡിപ്പോയില്‍ ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങള്‍ തീർന്നതാണ് ക്ഷാമത്തിന് കാരണമായി അധിക്യതർ പറയുന്നത്. ഉപയോഗശൂന്യമായി കിടന്ന മുദ്രപത്രങ്ങള്‍ ജില്ല സ്റ്റാമ്പ് ഡിപ്പോ ഓഫിസർമാരെ കൊണ്ട് പുനർമൂല്യനിർണയം നടത്തി 50 രൂപ, 100 രൂപ, 200രൂപ എന്നീ വിലയിലുള്ള മുദ്രപത്രമാക്കിയാണ് താത്കാലികമായി വിതരണം ചെയ്യുന്നത്.

തിരുവനന്തപുരത്തുള്ള സെൻട്രല്‍ സ്റ്റാമ്പ് ഡിപ്പോയില്‍ നിന്നാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് മുദ്രപത്രങ്ങള്‍ എത്തുന്നത്. ദൈനംദിന പ്രവൃത്തിക്കിടയില്‍ വേണം ഇതുചെയ്യേണ്ടത് എന്നതിനാല്‍ ഒരു ദിവസം 300 മുതല്‍ 500 എണ്ണം വരെ മാത്രമേ സീല്‍ ചെയ്തു ഒപ്പുവച്ചു കംപ്യൂട്ടറില്‍ സ്റ്റോക്ക് രേഖപ്പെടുത്തി വിതരണത്തിന് കൊടുക്കാൻ കഴിയൂ. സർക്കാറിന്‍റെ വിവിധ ക്ഷേമ പദ്ധതികള്‍, സർട്ടിഫിക്കേറ്റുകള്‍, വാടകക്കരാർ, വിദ്യാഭ്യാസ ആവശ്യങ്ങള്‍, വിവിധ നിർമാണക്കരാറുകള്‍, വായ്പ പുതുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയെത്തുന്നവർക്കാണ് ദുരിതം.

ഓഫീസുകളില്‍ കെട്ടികിടക്കുന്ന കുറഞ്ഞ മൂല്യമുള്ള മുദ്രപത്രങ്ങള്‍ ഉയർന്ന മൂല്യമുള്ളതാക്കി സീല്‍ വച്ച്‌ ഒപ്പിട്ട് മാറ്റുന്നതിന് 1.80 പൈസ വച്ച്‌ ലഭിക്കും. ജില്ലയിലെ ഉദ്യോഗസ്ഥർ ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന മുദ്രപത്രങ്ങള്‍ ഉയർന്നമൂല്യമുള്ളതാക്കി മാറ്റുന്നതിനാലാണ് സെൻട്രല്‍ സ്റ്റാമ്പ് ഡിപ്പോയില്‍ ക്ഷാമം റിപ്പോർട്ട് ചെയ്യാതിരിക്കുന്നതെന്നും അടുത്ത മാസം മുതല്‍ വിവിധ ആവശ്യങ്ങള്‍ക്കുള്ള മുദ്രപത്രങ്ങള്‍ക്ക് നിരക്ക് ഉയർത്തിയതും കുറഞ്ഞ വിലയുള്ളവ ഇറക്കുന്നതില്‍ വിമുഖത കാട്ടുന്നതിന് കാരണമാകുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങള്‍ എത്രയും പെട്ടെന്ന് വിപണിയില്‍ ലഭ്യമാക്കണമെന്നും പൊതുജന ആവശ്യം മുൻനിറുത്തി ഇക്കാര്യത്തില്‍ സർക്കാറിന്‍റെ അടിയന്തര ശ്രദ്ധ പതിയണമെന്നും ആധാരമെഴുത്തുകാർ ആവശ്യപ്പെട്ടു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!