പാർലമെന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 സീറ്റുകളിൽ ഇടതുമുന്നണി 12 സീറ്റ് വരെ നേടുമെന്ന് സി.പി.ഐ. കടുത്ത പോരാട്ടം നടന്ന തൃശൂരിലും മാവേലിക്കരയിലും പാർട്ടിക്ക് ജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ. പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവാണ് ഈ വിലയിരുത്തലിലെത്തിയത്. സി.പി.ഐ ദേശീയ നേതാവുകൂടിയായ ആനി രാജ മത്സരിച്ച വയനാട് പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയുമെന്നും പാർട്ടി വിലയിരുത്തുന്നു.
കടുത്ത ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് പാർട്ടി സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് നേരിയ ഭൂരിപക്ഷത്തിൽ ജയിക്കാനാകുമെന്നും സി.പി.ഐ കണക്കുകൂട്ടുന്നുണ്ട്. നേരത്തേ സി.പി.എമ്മും കേരളത്തിൽ എൽ.ഡി.എഫിന് 12 സീറ്റുകളിൽ ജയസാധ്യതയുണ്ടെന്ന് വിലയിരുത്തിയിരുന്നു.
സി.പി.എം ജയസാധ്യത കൽപിച്ച അതേ സീറ്റുകളാണ് സി.പി.ഐയും വിജയസാധ്യതയുള്ളവയായി എണ്ണുന്നത്. ആറ്റിങ്ങൽ, മാവേലിക്കര, തൃശൂർ, ആലത്തൂർ, പാലക്കാട്, കാസർകോട്, കണ്ണൂര്‍, വടകര, കോഴിക്കോട് അടക്കമുള്ള മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് സാധ്യതയുണ്ടെന്നാണ് എക്സിക്യൂട്ടിവ് കമ്മിറ്റി വിലയിരുത്തിയത്. സി.പി.എമ്മും ഇതേ രീതിയിലുള്ള വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പിന് ശേഷം എത്തിയത്.