ഇടുക്കി മുറിഞ്ഞപുഴയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാരായ സ്ത്രീയും കുട്ടിയും മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരം ആറ്റിങ്ങല്‍, കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. തുടക്കത്തില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞതിനാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് കാര്‍ വെട്ടിപ്പൊളിച്ച് ആറു യാത്രക്കാരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
പത്തുവയസുള്ള കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത് എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ നാലുപേരെ വിദഗ്ധ ചികിത്സയ്ക്കായി പാലയിലെ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് റിപ്പോർട്ടുകൾ.