ബംഗളൂരുവിലെത്തി അവിടെ നിന്നും ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയിലെത്താനാണ് പദ്ധതി.

ഈ വാർത്ത ഷെയർ ചെയ്യാം

സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്കെത്തുന്നത്. തിരുവനന്തപുരത്ത് വസതിയില്‍ തങ്ങിയിരുന്ന സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു വിളിച്ചാണ് ഉടന്‍ ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം നല്‍കിയത്.

ഇതേത്തുടര്‍ന്ന് സുരേഷ് ഗോപി ഭാര്യ രാധികയ്‌ക്കൊപ്പം തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. നേരിട്ട് വിമാനം ലഭിക്കാത്തതിനാല്‍ ബംഗളൂരുവിലെത്തി അവിടെ നിന്നും ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയിലെത്താനാണ് പദ്ധതി. അദ്ദേഹം തീരുമാനിച്ചു. ഞാന്‍ അനുസരിക്കുന്നു എന്നാണ് പുറപ്പെടുന്നതിന് മുമ്പ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയും കേന്ദ്രമന്ത്രിയാകും. ബിജെപി 36 മന്ത്രിമാരുടെ പട്ടികയാണ് തയ്യാറാക്കിയതെന്നാണ് വിവരം. കേരളത്തില്‍ നിന്നും സുരേഷ് ഗോപിയുടെ പേരു മാത്രമാണ് ഉള്ളതെന്നാണ് സൂചന. സുപ്രധാന വകുപ്പുകളൊന്നും സഖ്യകക്ഷികള്‍ക്ക് ബിജെപി നല്‍കില്ല. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം, റെയില്‍വേ തുടങ്ങിയ വകുപ്പുകള്‍ ബിജെപി തന്നെ കൈകാര്യം ചെയ്യും.

അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, നിര്‍മ്മല സീതാരാമന്‍, അശ്വനി വൈഷ്ണവ്, ഹര്‍ദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, മുന്‍സുഖ് മാണ്ഡവ്യ, അര്‍ജുന്‍ രാംമേഘ് വാള്‍ തുടങ്ങിയവര്‍ മൂന്നാം മോദി മന്ത്രിസഭയിലും തുടരും. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരും കേന്ദ്രമന്ത്രിമാരാകും.

ടിഡിപിക്കും ജെഡിയുവിനും മൂന്നു മന്ത്രിസ്ഥാനം വീതം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിഡിപിയില്‍നിന്ന് റാം മോഹന്‍ നായിഡു, ഡോ. ചന്ദ്രശേഖര്‍ പെമ്മസനി എന്നിവര്‍ മന്ത്രിമാരാകും. ജെഡിയുവില്‍നിന്ന് ലലന്‍ സിങ്, സഞ്ജയ് കുമാര്‍ ഝാ, രാം നാഥ് ഠാക്കൂര്‍ എന്നിവര്‍ക്കാണ് സാധ്യത. എല്‍ജെപി (റാം വിലാസ്) അധ്യക്ഷന്‍ ചിരാഗ് പാസ്വാനും കാബിനറ്റ് മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി ക്യാബിനറ്റ് മന്ത്രിയാകും. കൃഷിമന്ത്രാലയം കുമാരസ്വാമിക്ക് നല്‍കാമെന്ന് ബിജെപി ഉറപ്പു നല്‍കിയതായാണ് സൂചന. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് ഒരു ക്യാബിനറ്റ് പദവിയും സഹമന്ത്രി സ്ഥാനവും ലഭിക്കും. ശ്രീരംഗ് ബര്‍നെയ്ക്കും പ്രതാപ് റാവു ജാദവുമായിരിക്കും മന്ത്രിസ്ഥാനത്തേക്ക് എത്തുക എന്നാണ് സൂചന. ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരിയും മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ മഹാത്മാ​ഗാന്ധിയുടെ സ്മൃതികുടീരമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. തുടർന്ന് ഡൽഹിയിലെ സദൈവ് അടലിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കും അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തിലും പുഷ്പചക്രം അർപ്പിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും യുദ്ധസ്മാരകത്തിൽ മോദിയെ അനുഗമിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!