അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ളം കൃത്യസമയത്ത് ലഭിക്കാത്തതാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് ത്രി തല പഞ്ചായത്തുകളുടെ സഹായത്തോടെ രണ്ടുകോടി 70 ലക്ഷം രൂപ ചിലവഴിച്ച് സമഗ്ര കുടിവെള്ള പദ്ധതിക്ക് രൂപം കൊടുത്തത്.
ഈ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ അതിനെ തകർക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു.അവയൊക്കെ തരണം ചെയ്താണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിരവധി വ്യാജ പരാതികൾ അതിന്റെ ഭാഗമായ അന്വേഷണങ്ങൾ, കോൺട്രാക്ടറെ ഭീഷണിപ്പെടുത്തൽ എന്നിവയൊക്കെ തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു.
പദ്ധതിയെ തകർക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലുടനീളം ജന ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.
നെടുംങ്ങണ്ട, കായിക്കര, മാമ്പള്ളി,അഞ്ചുതെങ്ങ് ജംഗ്ഷൻ,ഗ്രൗണ്ട്, തോണിക്കടവ് എന്നിവിടങ്ങളിലാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജന ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കുന്നത്.
നാടിന്റെ എക്കാലത്തെയും ആവശ്യമായിട്ടുള്ള കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള പദ്ധതിയെ തകർക്കുവാനുള്ള ശ്രമങ്ങളിൽ നിന്നും പിന്തിരിയണമെന്നും, അതിനായി രാഷ്ട്രീയത്തിന് അതീതമായി നാട്ടിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺചന്ദ്ര അഭ്യർത്ഥിച്ചു.