സ്വന്തം മണ്ണിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെ തഹസിൽദാരും പൊലീസും ചേർന്ന് തടഞ്ഞു
ഭൂമി ഉഴുതു കൃഷിയിറക്കാൻ ട്രാക്ടറുമായാണ് നഞ്ചിയമ്മ എത്തിയത്. ഭൂമിക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാലാണ് നഞ്ചിയമ്മയെ തടഞ്ഞത്. 19നു വിഷയം ചർച്ച ചെയ്യാമെന്ന ഉറപ്പിലാണ് നഞ്ചിയമ്മ മടങ്ങിയത്. അഗളി പ്രധാന റോഡരികിലെ നാല് ഏക്കർ ഭൂമിയിൽ കൃഷിയിറക്കാൻ വേണ്ടിയാണ് നഞ്ചിയമ്മയും ബന്ധുക്കളും എത്തിയത്. തുടർന്നാണ് അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ പിഎ ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും അഗളി പൊലീസും സ്ഥലത്തെത്തി അവരെ തടഞ്ഞത്.
കന്തസാമി ബോയൽ എന്ന ആളും തന്റെ ഭർത്താവും തമ്മിലുള്ള ടിഎൽഎ കേസിൽ 2023ൽ അനുകൂല വിധിയുണ്ടെന്നുമാണ് നഞ്ചിയമ്മ പറയുന്നത്. തങ്ങൾക്കനുകൂലമായ വിധി നിൽക്കേ തങ്ങൾക്ക് അവകാശപ്പെട്ട ഭൂമി കൈവശപ്പെടുത്താൻ റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥർ ചിലർക്ക് ഒത്താശ ചെയ്ത കൊടുക്കുകയാണെന്ന് നഞ്ചിയമ്മ ആരോപിച്ചു. ടിഎൽഎ കേസുകളും അതിനുള്ള വിധികളും ഉദ്യോഗസ്ഥരും കോടതിയും പരിഗണിക്കുന്നില്ലെന്നും നഞ്ചിയമ്മ പറഞ്ഞു.