നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന മലപ്പുറത്തെ പാണ്ടിക്കാട് പഞ്ചായത്തിലും, സ്‌കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം പഞ്ചായത്തിലും ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നു മുതല്‍ നിലവില്‍ വരും. ആള്‍ക്കൂട്ടം ഒഴിവാക്കണം. ഈ പഞ്ചായത്തുകളില്‍ കടകള്‍ രാവിലെ 10 മുതല്‍ 5 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മദ്രസ, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കരുത്.
ജില്ലയില്‍ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. തിയേറ്ററുകള്‍ അടച്ചിടും. കുട്ടിയുമായി സമ്പര്‍ക്കമുണ്ടായവര്‍ ഉടന്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മലപ്പുറം പിഡബ്ലിയു റസ്റ്റ്ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.