ഖനികള്‍ക്കും ധാതുക്കള്‍ക്കും മേല്‍ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. കേസില്‍ സുപ്രീം കോടതി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയാണ് പുറപ്പെടുവിച്ചത്. വേര്‍തിരിച്ചെടുക്കുന്ന ധാതുവിന് നല്‍കേണ്ട റോയല്‍റ്റി നികുതിയല്ലെന്നും കോടതി വിധിച്ചു.
ഭരണഘടന പ്രകാരം ഖനികള്‍ക്കും ധാതുക്കള്‍ക്കും മേല്‍ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് കോടതി ഉത്തരവിട്ടത്. കേന്ദ്ര നിയമം- മൈന്‍സ് ആന്റ് മിനറല്‍സ് ( ഡെവലപ്‌മെന്റ് ആന്റ് റെഗുലേഷന്‍) ആക്ട് 1957 സംസ്ഥാനങ്ങള്‍ക്ക് നികുതി പിരിക്കാനുള്ള അവകാശത്തെ പരിമിതപ്പെടുത്തുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ രണ്ടാം പട്ടികയിലെ എന്‍ട്രി 50 പ്രകാരം ധാതുക്കളുടെ അവകാശങ്ങള്‍ക്ക് നികുതി ചുമത്താന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് ഭൂരിപക്ഷ വിധി വായിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. റോയല്‍റ്റി നികുതിയാണെന്ന് വിധിച്ച സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ 1989ലെ വിധി തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
1989 ലെ ഏഴംഗ ബെഞ്ചിന്റെ വിധി സുപ്രീംകോടതി അസ്ഥിരപ്പെടുത്തി. ഖനികള്‍ക്ക് നികുതി പിരിക്കാമെന്നതു സംബന്ധിച്ച വിധി ദീര്‍ഘവീക്ഷണത്തോടെയുള്ളതാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഖനികള്‍ക്കും ധാതുക്കള്‍ക്കും കേന്ദ്രം ഇതുവരെ ചുമത്തിയ നികുതി തിരിച്ചുപിടിക്കുന്ന കാര്യം ജൂലൈ 31ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
സുപ്രീം കോടതി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് 8:1 ഭൂരിപക്ഷത്തിലാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും മറ്റ് ഏഴ് ജഡ്ജിമാരും ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചപ്പോള്‍ ജസ്റ്റിസ് ബി വി നാഗരത്ന വിയോജിപ്പുള്ള വിധി പ്രസ്താവിച്ചു. ഖനികള്‍ക്കും ധാതുക്കള്‍ക്കും നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മ്മാണ അധികാരമില്ലെന്നാണ് ഭിന്ന വിധിയില്‍ ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടത്.
