സംസ്ഥാനത്തിന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം ∙ കേരളത്തിലെ ആദ്യ ആണവ വൈദ്യുതനിലയം സ്ഥാപിക്കാൻ കെഎസ്ഇബിയും ഊർജവകുപ്പും ശ്രമം തുടങ്ങി. ന്യൂക്ലിയർ പവർ കോർപറേഷനുമായി കെഎസ്ഇബി ചെയർമാനും സംഘവും കഴിഞ്ഞ 15നു മുംബൈയിൽ ആദ്യഘട്ട ചർച്ചകൾ നടത്തി. തുടർ ചർച്ചകൾക്കായി ന്യൂക്ലിയർ പവർ കോർപറേഷനു കീഴിലുള്ളതും കൽപാക്കം ആണവ പദ്ധതി നടപ്പാക്കുന്നതുമായ ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ (ഭാവിനി) ചെയർമാനുമായി സംസ്ഥാന ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറി നാളെ വിഡിയോ കോൺഫറൻസ് നടത്തും.

220 മെഗാവാട്ടിന്റെ 2 പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം. രണ്ടു പദ്ധതിയും ഒരിടത്തു സ്ഥാപിക്കാം. അതിരപ്പിള്ളി, ചീമേനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് കെഎസ്ഇബിയുടെ പരിഗണനയിലുള്ളതെന്നു ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞു. 7000 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. പദ്ധതിയുടെ 60% തുക കേന്ദ്രം ഗ്രാന്റായി നൽകണമെന്ന ആവശ്യം ചർച്ചയിൽ കെഎസ്ഇബി മുന്നോട്ടുവച്ചു. ബിജു പ്രഭാകറും 2 ഡയറക്ടർമാരുമാണു മുംബൈയിൽ ആദ്യഘട്ട ചർച്ച നടത്തിയത്.

സംസ്ഥാനത്തിനു കുറഞ്ഞ വിലയ്ക്ക് 450 മെഗാവാട്ട് വൈദ്യുതി കൂടംകുളത്തുനിന്നോ രാജസ്ഥാനിലെ ആണവ വൈദ്യുതപദ്ധതിയിൽ നിന്നോ ഉടൻ ലഭിക്കുന്നതിന്റെ സാധ്യത ന്യൂക്ലിയർ കോർപറേഷനുമായി ചർച്ച ചെയ്തിരുന്നു. ടെൻഡറിലൂടെ മാത്രമേ ഇവിടെനിന്നു വൈദ്യുതി ലഭിക്കൂ. എന്നാൽ, ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും. ഇക്കാര്യം പരിഗണിച്ചാണു കേരളവും ആണവ വൈദ്യുതനിലയം എന്ന ആശയത്തിലേക്ക് എത്തിയത് .

സംസ്ഥാനത്തെ വൈദ്യുതിനിലയങ്ങളുടെ സ്ഥാപിത ഉൽപാദന ശേഷി 3200 മെഗാവാട്ടാണെങ്കിലും പരമാവധി 1800 മെഗാവാട്ട് ആണ് ഉൽപാദനം. 2030ൽ കേരളത്തിന്റെ ഊർജ ആവശ്യങ്ങൾക്കായി 10,000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കേണ്ടി വരുമെന്ന കെഎസ്ഇബി റിപ്പോർട്ട് പരിഗണിച്ചാണു നടപടി. ആണവ വൈദ്യുതപദ്ധതി, തീരദേശത്തു സ്ഥാപിച്ചാൽ 625 ഹെക്ടറും മറ്റു സ്ഥലങ്ങളിലാണെങ്കിൽ 960 ഹെക്ടറും വേണമെന്നാണു ഭാവിനി സിഎംഡി കെ.വി.സുരേഷ്കുമാർ ചീഫ് സെക്രട്ടറിക്കയച്ച കത്തിലെ നിർദേശം. ഇതിനുപുറമേ, ഉദ്യോഗസ്ഥർക്കായി ടൗൺഷിപ് നിർമിക്കാൻ 5–6 കിലോമീറ്ററിനുള്ളിൽ 125 ഹെക്ടർ കൂടി വേണം. ചെന്നൈ കൽപാക്കത്ത് സ്ഥാപിച്ചതുപോലെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥാപിക്കുന്നതിനാണ് സൗകര്യങ്ങൾ നൽകേണ്ടത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!