അമ്മയ്ക്കു പകരമാകാൻ ആർക്കും സാധിക്കില്ലല്ലോ?

ഈ വാർത്ത ഷെയർ ചെയ്യാം

31 വർഷം നിഴൽ പോലെ കൂട്ടിനുണ്ടായിരുന്ന ഭാര്യ ശ്രീലത വിടപറഞ്ഞകന്നതിനോട് ഇന്നും പൊരുത്തപ്പെടാനാകുന്നില്ല ബിജു നാരായണൻ .

ശ്രീയുടെ വേർപാടിന് 5 വയസ്സ് തികയുമ്പോഴും ആ ഓർമകളിൽ വിങ്ങി ഓരോ ദിനവും കഴിച്ചുകൂട്ടുകയാണ് ബിജു. പ്രിയപ്പെട്ടവൾ അദൃശ്യമായി അരികിലുണ്ടെന്നു വിശ്വസിക്കാനാണ് അദ്ദേഹത്തിനിഷ്ടം. ജീവിതദുഃഖങ്ങളെ പാട്ടിലൂടെ മറികടക്കാനുള്ള പരിശ്രമങ്ങളിൽ മക്കളായ സിദ്ധാർഥിനും സുര്യയ്ക്കും തണലാവുകയാണ്, താരാട്ടാവുകയാണ് ബിജു നാരായണൻ എന്ന അച്ഛൻ.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

ശ്രീക്കു മുൻപും ശ്രീക്കു ശേഷവും എന്ന നിലയിലാണ് എന്റെ ജീവിതം. രണ്ട് കാലഘട്ടങ്ങളാണ്. ശ്രീ വിടപറഞ്ഞിട്ട് ഓഗസ്റ്റിൽ 5 വർഷം പൂർത്തിയാകും. പക്ഷേ എന്നെ സംബന്ധിച്ച് അത് 5 മാസം മാത്രമായിട്ടേ തോന്നുന്നുള്ളു. ആ വേദനയിൽ നിന്ന് ഇപ്പോഴും മുക്തി നേടിയിട്ടില്ല. മനസ്സിൽ ഇപ്പോഴും ഒരു മുറിവായി ശ്രീ നിറഞ്ഞു നിൽക്കുന്നു. ആ ഓർമകൾ എന്നെ വല്ലാതെ അലട്ടുന്നുണ്ട്. പക്ഷേ ഇതൊക്കെ സഹിച്ചല്ലേ പറ്റൂ. മഹാരാജാസിലെ പഠനകാലത്താണ് ഞങ്ങൾ പരിചയപ്പെട്ടത്. പരിചയം പിന്നീടത് പ്രണയത്തിലേക്കു വളർന്നു. അന്നുമുതൽ ഞാൻ പാടുന്ന പാട്ടുകളെക്കുറിച്ചൊക്കെ ശ്രീ അഭിപ്രായം പറയുമായിരുന്നു. മത്സരവേദികളിലേക്കുള്ള പാട്ടുകളുടെ തിരഞ്ഞെടുപ്പിൽ ശ്രീ അങ്ങേയറ്റം എന്നെ പിന്തുണച്ചു.

പാടാനുള്ള വലിയ പ്രേരകശക്തിയായിരുന്നു എന്റെ ശ്രീ.പിന്നെ എത്രയൊക്കെയായാലും അമ്മയ്ക്കു പകരമാകാൻ ആർക്കും സാധിക്കില്ലല്ലോ? ശ്രീയുടെ വേർപാട് ഏൽപ്പിച്ചു പോയ വിടവ് എപ്പോഴും എന്റെയും മക്കളുടെയും ജീവിതത്തിലുണ്ടാകും. റെക്കോർഡിങ്ങും യാത്രയുമൊക്കെയായി തിരക്കിട്ട ജീവിതമാകുമ്പോൾ ഒരു പരിധിവരെ ആ വേദന മറക്കാൻ സാധിക്കും. പക്ഷേ ഇടയ്ക്കിടെ അത് കയറി വരും. മനസ്സിനെ പാകപ്പെടുത്തിയെടുക്കുക എന്നതു മാത്രമേ ചെയ്യാനുള്ളു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!