ഡൽഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ലോഗോയും, മുദ്രാവാക്യവും പാര്‍ട്ടി പുറത്തിറക്കി.എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സംഘടനാ ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍, കമ്മ്യൂണിക്കേഷന്‍ ജനറല്‍ സെക്രട്ടറി ജയ്റാം രമേഷ് എന്നിവര്‍ പങ്കെടുത്തു . ന്യായ് കാ ഹഖ് മില്‍നേ തക് എന്നാണ് യാത്രയുടെ മുദ്രാവാക്യം.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഈ മാസം 14 മുതൽ ഭാരത് ജോഡോ ന്യായ് യാത്രആരംഭിക്കുകയാണ്. രാജ്യത്തെ ജനങ്ങൾക്ക് സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നീതി ലഭ്യമാക്കുന്നതിനുള്ള ശക്തമായ ചുവടുവയ്പ്പാണ് ഭാരത് ജോഡോ ന്യായ് യാത്ര എന്ന് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി മോഡിയെ കടന്നാക്രമിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് ഖാര്‍ഗെ , വംശീയ കലാപം നടന്ന മണിപ്പൂരിൽ മോഡി ഇതുവരെ സന്ദർശിച്ചിട്ടില്ലെന്നും പറഞ്ഞു. അല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഞങ്ങൾ ജനങ്ങളോട് പറയുകയാണ്.
പാർലമെന്റിൽ സംസാരിക്കാനും പ്രശ്നങ്ങൾ ഉന്നയിക്കാനും ഞങ്ങൾ ശ്രമിച്ചു. പക്ഷേ സർക്കാർ ഞങ്ങൾക്ക് അവസരം നൽകിയില്ല. 146 എംപിമാരെ സസ്‌പെൻഡ് ചെയ്തത് ചരിത്രത്തിലാദ്യമാണ്. അദ്ദേഹം ലോക്‌സഭയിൽ എത്തിയെങ്കിലും ഒരിക്കൽ പോലും രാജ്യസഭയിലേക്ക് എത്തിനോക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ജനുവരി 14 ന് ഇംഫാലിൽ നിന്ന് ആരംഭിച്ച് 100 ലോക്‌സഭാ മണ്ഡലങ്ങളും 337 നിയമസഭാ മണ്ഡലങ്ങളും കടന്ന് 110 ജില്ലകളിൽ 6,713 കിലോമീറ്റർ ദൂരം സഞ്ചരിക്കും. മാർച്ച് 20 അല്ലെങ്കിൽ 21 ന് മുംബൈയിൽ മാർച്ച് സമാപിക്കും.