തിരുവനന്തപുരം നഗര പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി. കുടി വെള്ള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.
കഴിഞ്ഞ നാല് ദിവസമായി കുടിവെള്ളത്തിനായി വലയുകയാണ് തലസ്ഥാനത്തെ താമസക്കാർ. ഇന്ന് വൈകീട്ട് 4 മണിയോടെ പ്രതിസന്ധി പരിഹരിച്ച് പമ്പിങ് തുടങ്ങുമെന്നായിരുന്നു അധികൃതർ പറഞ്ഞത്. എന്നാൽ പ്രതിസന്ധി ഇപ്പോഴും പരിഹരിച്ചിട്ടില്ല.
താഴ്ന്ന പ്രദേശങ്ങളിൽ കുടിവെളള വിതരണം പുനസ്ഥാപിക്കാനായെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ദുരിതം തുടരുകയാണ്. നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. എന്നാൽ ഇന്ന് പുലർച്ചെ ഭാഗികമായി തുടങ്ങിയ പമ്പിങ് പിന്നീട് നിർത്തിവെച്ചു.
വാൽവിൽ ലീക്ക് കണ്ടതിനെ തുടർന്നാണ് പമ്പിങ് നിർത്തിയത്. പൈപ്പിടൽ ജോലികളും പൂർത്തിയായിട്ടില്ല. ഉച്ചയ്ക്ക് മുൻപായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുമെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി ഇന്നലെ നൽകിയ ഉറപ്പ്. ഉയർന്ന പ്രദേശങ്ങളിലും വൈകീട്ടോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനാകുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചത്.