സിപിഎം അഭ്യര്‍ഥന തള്ളി ഇടത് എംഎല്‍എ പി.വി.അന്‍വര്‍. ഇന്നു വൈകിട്ട് വീണ്ടും മാധ്യമങ്ങളെ കാണുമെന്ന് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷകരമാകുന്ന നടപടികളില്‍നിന്നും പരസ്യപ്രസ്താവനകളില്‍നിന്നും അന്‍വര്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞദിവസം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും എഡിജിപിക്കെതിരായ പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാന്‍ അന്‍വര്‍ തയാറായിരുന്നില്ല.
വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’ എന്നാണല്ലോ… എന്നും അന്‍വറിന്റെ കുറിപ്പില്‍ പറയുന്നു. ബുധനാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് പൂര്‍ണ പിന്തുണ നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പി.വി.അന്‍വറിന്റെ നടപടികളില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിധേയത്വവും ആത്മാഭിമാനവും പരാമര്‍ശിച്ച് അന്‍വര്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചിരിക്കുന്നത്. താന്‍ അതിശക്തമായ ആരോപണം ഉന്നയിച്ച എഡിജിപി എം.ആര്‍.അജിത് കുമാറിനെയും പി.ശശിയെയും പാര്‍ട്ടിയും മുഖ്യമന്ത്രിയും ശക്തമായി സംരക്ഷിച്ചതോടെ ആത്മാഭിമാനത്തിനു ക്ഷതമേറ്റ നിലയിലാണ് അന്‍വര്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ നീതി തേടി അന്‍വര്‍ തീയാകുമ്പോള്‍ ആരെങ്കിലുമൊക്കെ വെന്തെരിയുമോ അതോ അൻവർ സ്വയം ആ തീയില്‍ എരിഞ്ഞടങ്ങുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.